തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന മാത്യു കുഴല്‍ നാടന്റെ ചോദ്യത്തിന്, നികുതി നല്‍കിയതായി മറുപടി നല്‍കിയെന്ന് ബാലഗോപാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിയമപരമായേ മറുപടി പറയാന്‍ കഴിയൂ. വീണാ വിജയന് ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. അത് മറുപടിയായി നല്‍കിയിട്ടുമുണ്ട്. മാത്യു കുഴല്‍ നാടന്‍ തെറ്റിദ്ധാരണ പരത്തുകയാണ് ബാലഗോപാല്‍ പറഞ്ഞു.
2017 ജൂലൈ 1 മുതലാണ് ജിഎസ്ടി നിലവില്‍ വരുന്നത്. അതിന് മുന്‍പ് സര്‍വീസ് ടാക്സ് സെന്‍ട്രല്‍ ടാക്സാണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമം നല്ലതല്ല. മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണക്കെതിരായ ആരോപണമെന്നും ധനമന്ത്രി പറഞ്ഞു. കുഴല്നാടന് ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു.
സിപിഎം നേതാവ് എകെ ബാലനും മാത്യുവിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മാത്യു വീണിടം വിദ്യയാക്കുന്നുവെന്ന് എകെ ബാലന് പറഞ്ഞു. മാസപ്പടി എന്ന് പറയാന്‍ തലയില്‍ വെളിച്ചമുള്ളവര്‍ക്ക് കഴിയില്ലെന്നും ബാലന് കൂട്ടിച്ചേര്‍ത്തു.രണ്ട് ആരോപണമാണ് മാത്യു കുഴല്നാടന് ഉന്നയിച്ചിട്ടുള്ളത്. ജിഎസ്ടി. കൊടുത്തിട്ടില്ല, സര്‍വീസ് കൊടുക്കാതെ മാസപ്പടി വാങ്ങുന്നു എന്നിങ്ങനെയാണത്. ഇത് രണ്ടിനും പൊതുസമൂഹത്തിന് ബോധ്യപ്പെടാവുന്ന രൂപത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പുല്ലുവില കല്പിച്ചുകൊണ്ട് നേരത്തെ തന്നെ മറുപടി നല്‍കിയതാണ്. വീണയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം വീണിടം വിദ്യയാക്കുകയാണ് കുഴല്നാടന്, ബാലന് പറഞ്ഞു.
മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിലേക്ക് നിയമപരമായ നികുതി അടച്ചത് മാസപ്പടിയല്ലെന്ന് പറഞ്ഞ എകെ ബാലന്, ഉത്തരവാദിത്വത്തോടെയാണ് കുഴല്നാടന് ഇത് പറയുന്നതെങ്കില്‍ അദ്ദേഹത്തിന് കോടതിയില്‍ പോകാമെന്നും കൂട്ടിച്ചേര്‍ത്തു. കുഴല്നാടന് ഓരോദിവസവും ഓരോന്ന് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചതായി ധനവകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം രംഗത്തെത്തിയത്.