തിരുവനന്തപുരം: പഴവർഗ്ഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം വൈൻ രണ്ടു മാസത്തിനകം ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിപണിയിൽ എത്തും. ‘നിള ‘ എന്നാണ് പേര്. കാർഷിക സർവകലാശാലയ്ക്ക് ഉത്പാദനത്തിനും വില്പനയ്ക്കുമുള്ള എക്സൈസ് ലൈസൻസ് ലഭിച്ചു.
വാഴപ്പഴം, കശുമാങ്ങ, പൈനാപ്പിൾ എന്നിവയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈൻ ബോർഡിന്റെയും ഇന്ത്യയിലെ മുൻനിര വൈൻ ഉത്പാദകരായ നാസിക്കിലെ സുല വൈൻ യാർഡിന്റെയും അംഗീകാരം ലഭിച്ചു. സർവകലാശാലയുടെ അഗ്രിക്കൾച്ചർ കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് നിർമ്മിക്കുന്നത്. യന്ത്രവത്കൃത സംവിധാനത്തിലൂടെ ഒരു ബാച്ചിൽ 125 ലിറ്റർ ഉത്പാദിപ്പിക്കാനാവും. ഒരു മാസം പഴച്ചാർ പുളിപ്പിക്കുന്നതിനും 6 മാസം പാകപ്പെടുത്തുന്നതിനും വേണം.
നിള വൈൻ കർഷകർക്കും പ്രതീക്ഷയേകുന്നു. വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ തുടങ്ങിയവ വിളവെടുപ്പിനുശേഷം ഗണ്യമായ ഒരുഭാഗം കേടായി നശിക്കുന്നത് കർഷകന് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നു. വൈൻ ഉത്പാദനം വ്യാപകമായാൽ ഇതിനും പരിഹാരമാകും.
നിള വൈൻ
12-14% എഥനോൾ. വൈറ്റമിൻ സി, ഫിനോൾസ്
വില
750 മില്ലി ലിറ്റർ 1000 രൂപ