തിരുവനന്തപുരം: മാസപ്പടി, ജിഎസ്ടി വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ഇതേക്കുറിച്ച് താന്‍ വിശദമായി പ്രതികരിക്കുമെന്നും എംഎല്‍എ പറഞ്ഞു.ഈ വിഷയത്തില്‍ എ.കെ.ബാലനുമായി ചര്‍ച്ചയ്ക്ക് തയാറാണ്. തന്റെ ഭാഗം കൂടി കേട്ടശേഷം താന്‍ മാപ്പ് പറയണോ എന്ന് പൊതുജനം വിലയിരുത്തട്ടെയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. തനിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയാറാണെന്നും കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
വീണാ വിജയന് ജിഎസ്ടി അടച്ചെന്ന് തെളിഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴന്‍നാടന്‍ മാപ്പ് പറയണമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന് ആവശ്യപ്പെട്ടത്. സിഎംആര്‍എലില്‍നിന്ന് ലഭിച്ച പണത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ഐജിഎസ്ടിയും ആദായ നികുതിയും അടച്ചതാണെന്ന് നേരത്തേ താന്‍ പറഞ്ഞതാണ്. വീണ ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ ക്ഷമാപണം നടത്താമെന്നാണ് കുഴല്നാടന് പറഞ്ഞത്. ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ധനകാര്യവകുപ്പ് കുഴല്നാടന് മറുപടി കൊടുത്ത സ്ഥിതിക്ക് എംഎല്‍എ മാപ്പ് പറയണമെന്നും എ.കെ.ബാലന് ആവശ്യപ്പെട്ടിരുന്നു.