കൊച്ചി: സമനില പൂട്ട് പൊട്ടിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിൽ പൊരുതിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിക്കാനായില്ല.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖി ഗോൾ നേടീയപ്പോൾ നെസ്റ്റർ അൽബെയ്ച്ച് ആണ് നോർത്ത് ഈസ്റ്റിന്റെ ഗോൾ നേടിയത്. കളി തുടങ്ങി 12ാം മിനുറ്റിൽ തന്നെയാണ് നോർത്ത് ഈസ്റ്റ് മുന്നിലെത്തിയത്. ജിതിൻ എം എസിന്റെ പാസിൽ നിന്ന് നെസ്റ്റർ ആണ് ഗോൾ നേടിയത്. ഈ ഗോൾ മടക്കാനുള്ള തീവ്രശ്രമമായിരുന്നു ബ്ലാസ്റ്റേഴ്സിന് പിന്നീട്.
ചിവ സുവർണാവസരം കൈവന്നെങ്കിലും ഗോളായി മാറിയില്ല.ഇതിനിടയിൽ പെപ്രയ്ക്ക് എതിരായ ഒരു ഫൗളിനായി കേരള ബ്ലാസ്റ്റേഴ്സ് പെനാൾട്ടിക്ക് അപ്പീൽ ചെയ്തുവെങ്കിലും അനുകൂല വിധി ഉണ്ടായില്ല. റീപ്ലേയിൽ ക്ലിയർ പെനാൾട്ടി ആണെന്ന് വ്യക്തമായിരുന്നു. എതിരില്ലാത്ത ഒരു ഗോളിന്റെ മികവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിലാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ വരുന്നത്. 49ാം മിനുറ്റിൽ ഡാനിഷ് ഫാറൂഖിയാണ് നോർത്ത് ഈസ്റ്റ് വലയിൽ പന്ത് എത്തിച്ചത്. ലൂണയുടെ ഫ്രീകിക്കിൽ നിന്നായിരുന്നു ഡാനിഷ് ഫറൂഖ് ഹെഡര്‍ ഗോള്‍. ഇതിനു ശേഷവും വിജയഗോളിനായി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഗോൾ വന്നില്ല. സമനിലയിൽ കുരുങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്. നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തും.