ബംഗളൂരു: തങ്ങളുടെ എന്‍ഡിഎ പ്രവേശനവിവാദം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ജെഡിഎസ് നേതാവും എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമി.കേരള ഘടകത്തെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കതയാണെന്ന് കുമാരസ്വാമി വ്യക്തമാക്കി.
കര്‍ണാടക ഘടകം എന്‍ഡിഎയുടെ ഒപ്പം പോകാന്‍ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എല്‍ഡിഎഫില്‍ നിലനിര്‍ത്തിയതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില് തെറ്റില്ല. എന്‍ഡിഎ സഖ്യം കര്‍ണാടകയില്‍ മാത്രമാണ്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.
പിണറായി വിജയന് ജെഡിഎസ്-ബിജെപി സഖ്യത്തിന് അനുമതി നല്‍കിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞദിവസം ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മതം അറിയിച്ചിരുന്നെന്ന് ദേവഗൗഡ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.
വിഷയത്തില്‍ സിപിഎമ്മിനും പിണറായി വിജയനും എതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ദേവഗൗഡയുടെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന് തള്ളി. പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ദേവഗൗഡയുടേത് അസംബന്ധവും വാസ്തവവിരുദ്ധവുമായ പ്രസ്താവനയെന്ന് പറഞ്ഞു. സിപിഎം നേതാക്കളും വിഷയത്തില്‍ ദേവഗൗഡയ്ക്കെതിരേ പ്രസ്താവന നടത്തിയിരുന്നു. ജെഡി-എസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസും ദേവഗൗഡയുടെ പരാമര്‍ശം തള്ളിക്കളഞ്ഞിരുന്നു. തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നാണ് അദ്ദേഹം പറഞ്ഞത്.