കൊച്ചി : ലൈഫ് മിഷൻ കള്ളപ്പണ കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). 5.38 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയാണ് ഇഡിയുടെ നിർണായക നടപടി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികൾ കൈമാറിയെന്നാണ് കേസ്.
ഏഴാം പ്രതിയും യുണിടാക് എംഡിയുമായി സന്തോഷ് ഈപ്പൻ, രണ്ടാം പ്രതി സ്വപ്ന സുരേഷ് എന്നിവരുടെ സ്വത്തുക്കൾ, ബാങ്ക് നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്റെ വീടും സ്വത്തുക്കളും സ്വപ്നയുടെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയവയിൽ ഉള്ളത്.
ലൈഫ് മിഷൻ കളളപ്പണ ഇടപാട് കേസിൽ ഒന്നാം പ്രതി എം ശിവശങ്കറാണെന്നു കൊച്ചിയിലെ പ്രത്യേക കോടതിയിൽ നേരത്തെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. കള്ളപ്പണ ഇടപാടിലെ മുഖ്യസൂത്രധാരൻ എം ശിവശങ്കറാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കേസിൽ ശിവശങ്കറിനെയും സന്തോഷ് ഈപ്പനെയും മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിരുന്നത്. മറ്റുള്ളവരെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയിൽ നേരത്തെ സമർപ്പിച്ചത്.