ഹൈദരാബാദ് : തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയില്‍ ദോശ ചുട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ പ്രചാരണത്തിനിടെ റോഡരികിലെ കടയില്‍ നിന്ന് ദോശയുണ്ടാക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
‘വിജയഭേരി’ ബസ് യാത്രയുടെ ഭാഗമായി കരിംനഗറില്‍ നിന്ന് ജഗ്തിയാലിലേക്കുള്ള യാത്രക്കിടെയാണ് രാഹുലിന്റെ പാചക പരീക്ഷണം. നുകപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്ര നിര്‍ത്തി രാഹുല്‍ തട്ടുകടയിലേക്ക് പോവുകയും കടക്കാരനോട് ആശയവിനിമയം നടത്തി ദോശയുണ്ടാക്കാൻ ശ്രമം നടത്തുകയുമായിരുന്നു. വഴിയാത്രക്കാരോട് കുശലാന്വേഷണം നടത്തിയ രാഹുൽ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണവും നടത്തി.
119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 30 നാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും തെലങ്കാനയിലെത്തിയിരുന്നു. 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ, വീട്ടമ്മമാർക്ക് പ്രതിമാസം 2500 രൂപ ഉൾപ്പെടെ ആറ് വാഗ്ദാനങ്ങളാണ് തെലങ്കാനയിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.