ഡൽഹി : ഇന്ത്യയിൽ എത്തിയ വിദേശി യൂട്യൂബറെ വിടാതെ പിന്തുടർന്ന് യുവാവ്. റഷ്യൻ യുവതിയായ കോകോ എന്ന പെൺകുട്ടിയെ യുവാവ് ശല്യം ചെയ്യുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘കോകോ ഇൻ ഇന്ത്യ’ എന്ന യൂട്യൂബ് ചാനലിലൂടെ ഇന്ത്യയിലെ തന്റെ ജീവിതവും കാഴ്ചകളുമാണ് യുവതി ചിത്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ പ്രശസ്തമായ സരോജിനി നഗർ മാർക്കിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവാവ് യൂട്യൂബറുടെ പിന്നാലെ കൂടിയത്.
നിങ്ങളുടെ വിഡിയോകൾ കാണാറുണ്ടെന്നും സുഹൃത്താകണമെന്നും പറഞ്ഞാണ് യുവാവ് സംസാരിച്ചു തുടങ്ങുന്നത്. വിഡിയോ കാണുന്നതിന് നന്ദിയുണ്ട് എന്നാൽ സുഹൃത്താകാൻ താൽപര്യമില്ലെന്നും യുവതി അറിയിച്ചു. എന്നാൽ ഒരു സുഹൃത്തു കൂടി ഉണ്ടെങ്കിൽ എന്താണ് പ്രശ്നം എന്നായി അടുത്ത ചോദ്യം. പരിചയമില്ലെന്ന് പറഞ്ഞപ്പോൾ ഇങ്ങനൊക്കെയാണ് പരിചയപ്പെടുന്നതെന്നായി യുവാവ്.
ഒരു റഷ്യൻ സുഹൃത്ത് എന്നുള്ളത് തന്റെ സ്വപ്നമാണ് എന്നും യുവാവ് പറഞ്ഞു. അതിനിടെ യുവതി വളരെ സെക്സി ആണെന്നും യുവാവ് പറയുന്നുണ്ട്. അത് പെൺകുട്ടിയെ അസ്വസ്ഥയാക്കുകയും ചെയ്തു. അതോടെ സുഹൃത്താവാൻ താൽപ്പര്യമില്ലെന്ന് യുവതി വീണ്ടും പറഞ്ഞു. തുടർന്ന് ബൈ പറഞ്ഞ് യുവതി വിഡിയോ അവസാനിപ്പിക്കുകയും ചെയ്തു.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിരവധി ഇന്ത്യക്കാരാണ് യുവതിയോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. ഇത്തരം ചിലരാണ് ഇന്ത്യക്കാരുടെ പേര് മോശമാക്കുന്നതെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. വളരെ സംയമനത്തോടെയാണ് യുവതി സാഹചര്യം കൈകാര്യം ചെയ്തതെന്നും പലരും അഭിപ്രായപ്പെട്ടു.