ന്യൂഡല്‍ഹി: തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. ഈ തീരുമാനം മനുഷ്യന്റെ അന്തസ് നിലനിര്‍ത്താന്‍ വേണ്ടിയാണെന്നും കോടതി പറഞ്ഞു.തോട്ടിപ്പണി നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ആധുനികകാലത്തും രാജ്യത്ത് ഈ തൊഴില്‍രീതി തുടരുന്നത് അപമാനകരമാണ്. ഈ സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.തോട്ടിപ്പണി നിരോധനം, ഇതില്‍ ഉള്‍പ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളില്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 14 നിര്‍ദേശങ്ങള്‍ നല്കി. അഴുക്കുചാലുകളുടെയും മാന്‍ഹോളുകളുടെയും ശുചീകരണത്തിനിടെ മരണം സംഭവിക്കുന്നവരുടെ കുടുംബംങ്ങള്‍ക്കുള്ള സഹായധനം 30 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് കോടതി പറഞ്ഞു.
ജോലിക്കിടെ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 20 ലക്ഷവും മറ്റ് അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് 10 ലക്ഷവും നല്‍കണം. തൊഴില്‍ അവസാനിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 60000ത്തോളം ആളുകളാണ് രാജ്യത്ത് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. രാജ്യസഭയില്‍ നല്കിയ കണക്കുപ്രകാരം 2018-2022 കാലയളവില്‍ 308 പേരാണ് തോട്ടിപ്പണിക്ക് ഇടയിലുള്ള അപകടങ്ങളില്‍ മരിച്ചത്.