തിരുവനന്തപുരം: ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മതം അറിയിച്ചിരുന്നെന്ന ദേവഗൗഡയുടെ പ്രസ്താവന തള്ളി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസ്. ദേവഗൗഡയുടെ പരാമര്‍ശം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രായാധിക്യത്തിന്റേതായ പ്രയാസം മൂലം സംഭവിച്ചുപോയ പിഴവ് മാത്രമാണത്. ജെഡിഎസ്-ബിജെപി സഖ്യത്തിന് പിണറായിയുടെ അനുമതി തേടിയിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുടെയോ ജെഡിഎസ് കേരളഘടകത്തിന്റെയോ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന പരാമര്‍ശം അടിസ്ഥാനരഹിതമാണ്. അത് ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത കാര്യമാണ്. ദേവഗൗഡയും പിണറായിയും തമ്മില്‍ ആശയവിനിമയം നടത്തിയിട്ട് പോലും വര്‍ഷങ്ങളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുമായുള്ള സഖ്യത്തിന് ജെഡിഎസ് കേരളഘടകത്തിന് പിണറായി അനുമതി നല്‍കിയെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. ഇതുകൊണ്ടാണ് ജെഡിഎസ് കേരളഘടകം ഇപ്പോഴും ഇടത് സര്‍ക്കാരിനൊപ്പം തുടരുന്നത്. പാര്‍ട്ടിയെ രക്ഷിക്കാനാണ് തങ്ങള്‍ ബിജെപിയുമായി സഖ്യത്തിന് തയാറായതെന്ന് പിണറായിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് സഖ്യത്തിന് പൂര്‍ണസമ്മതം നല്‍കിയെന്നും ദേവഗൗഡ പറഞ്ഞു.