തിരുവനന്തപുരം: ജെഡിഎസ്-ബിജെപി സഖ്യം പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയെന്ന എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ ബിജെപി-പിണറായി അന്തര്‍ധാര മറനീക്കി പുറത്തുവന്നെന്ന് ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസും ലാവലിന്‍ കേസുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധമാണ്. പിണറായിയുടെ പൊയ്മുഖമാണ് അഴിഞ്ഞ് വീണത്. രണ്ടാം പിണറായി സര്‍ക്കാര്‍ ബിജെപിയുടെ കുട്ടിയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.കെ.കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന് ജെഡിഎസ് കേരളഘടകത്തിന് പിണറായി അനുമതി നല്‍കിയെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. ഇതുകൊണ്ടാണ് ഇടത് സര്‍ക്കാരില്‍ ഇപ്പോഴും ജെഡിഎസിന് മന്ത്രിയുള്ളതെന്നും ദേവഗൗഡ പറഞ്ഞു. പാര്‍ട്ടിയെ രക്ഷിക്കാനാണ് തങ്ങള്‍ ബിജെപിയുമായി സഖ്യത്തിന് തയാറായതെന്ന് പിണറായിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് സഖ്യത്തിന് അദ്ദേഹം പൂര്‍ണ സമ്മതം നല്‍കിയെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.