തിരുവനന്തപുരം: ജെഡിഎസ്-ബിജെപി സഖ്യം പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയെന്ന എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പിണറായി ദേവഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ജെഡിഎസ്-ബിജെപി സഖ്യത്തിന് പാര്‍ട്ടി കേരളഘടകം സമ്മതം മൂളിയിട്ടില്ല. ഇക്കാര്യത്തില്‍ യോജിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനായ ദേവഗൗഡയെ കണ്ട് തങ്ങള്‍ അറിയിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ബിജെപിയുമായുള്ള സഖ്യത്തിന് ജെഡിഎസ് കേരളഘടകത്തിന് പിണറായി അനുമതി നല്‍കിയെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. ഇതുകൊണ്ടാണ് ഇടത് സര്‍ക്കാരില്‍ ഇപ്പോഴും ജെഡിഎസിന് മന്ത്രിയുള്ളതെന്നും ദേവഗൗഡ പറഞ്ഞു. പാര്‍ട്ടിയെ രക്ഷിക്കാനാണ് തങ്ങള്‍ ബിജെപിയുമായി സഖ്യത്തിന് തയാറായതെന്ന് പിണറായിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് സഖ്യത്തിന് അദ്ദേഹം പൂര്‍ണസമ്മതം നല്‍കിയെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.