പാലക്കാട് : കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ബസിലെ വിദ്യാര്‍ത്ഥിനികളെ പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍ ശല്യം ചെയ്തിരുന്നു. ഇത് സഹപാഠികള്‍ ചോദ്യം ചെയ്തതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിക്കുകയായിരുന്നു. ബസ് തകര്‍ക്കാനും സാമൂഹ്യവിരുദ്ധരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ചാലിശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ്.
വൈകീട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്. പറമ്പിക്കുളത്തേക്കാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം യാത്ര പോയിരുന്നത്. ആറങ്ങോട്ടുകരയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികളെ സാമൂഹ്യവിരുദ്ധര്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചത്. ഇത് ചോദ്യം ചെയ്യാന്‍ ബസില്‍ നിന്ന് കുറച്ച് ആണ്‍കുട്ടികള്‍ ഇറങ്ങുകയും അവരെ അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
ജനങ്ങളും വാഹനങ്ങളും തിങ്ങിനിറഞ്ഞ പ്രദേശത്തുവച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കും ബസിനും നേരെ ക്രൂരമായ ആക്രമണമുണ്ടായത്. ചാലിശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളേയും നാട്ടുകാരില്‍ ചിലര്‍ ശല്യം ചെയ്ത വിദ്യാര്‍ത്ഥിനികളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.