പൂനെ : സ്വന്തം മണ്ണിലെ ലോകകപ്പിൽ തുടർച്ചയായ നാലാം മത്സരത്തിലും തകർപ്പൻ ജയം നേടി നെഞ്ചുവിരിച്ച് ടീം ഇന്ത്യ. ഇന്നലെ ബംഗ്ളാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ 256/8 എന്ന സ്കോറിൽ ഒതുക്കിയ ശേഷം 41.3 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു ഇന്ത്യ. അപരാജിത സെഞ്ച്വറി നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയുടെയും (103 നോട്ടൗട്ട്) അർദ്ധസെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും (53), മികച്ച ഫോം തുടർന്ന നായകൻ രോഹിത് ശർമ്മയുടെയും (48) കെ.എൽ രാഹുലിന്റെയും (34 നോട്ടൗട്ട്) മികവിലാണ് ഇന്ത്യ ജയം കണ്ടത്.
ഇതിനിടയ്ക്ക് ജയിക്കാനും കോഹ്ലിക്ക് സെഞ്ചുറി നേടാനും 20 റണ്‍സ് എന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിരുന്നു. തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങള്‍ മത്സരത്തെ കൂടുതല്‍ ആവേശകരമാക്കി.ഒടുവില്‍ ജയിക്കാന്‍ രണ്ടു റണ്‍സും കോഹ്ലിക്ക് സെഞ്ചുറി അടിക്കാന്‍ മൂന്നു റണ്‍സും എന്ന അവസ്ഥയിലെത്തിയപ്പോള്‍ സ്പിന്നര്‍ നാസും അഹമ്മദിനെ സിക്സറിനു പറത്തി കോഹ്ലി സെഞ്ചുറി തികയ്ക്കുകയായിരുന്നു. 97 പന്തിൽ ആറു ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 103 റൺസാണ് കോഹ്ലി നേടിയത്. ലോകകപ്പില്‍ കോഹ്ലിയുടെ മൂന്നാമത്തെ സെഞ്ചുറിയാണിത്. 2011ല്‍ ധാക്കയില്‍ ബംഗ്ലാദേശിനെതിരേ തന്നെയും 2015ല്‍ അഡ്ലെയ്ഡില് പാക്കിസ്ഥാനെതിരേയും നേടിയ സെഞ്ചുറികളാണ് കോഹ്ലിയുടെ മുന്‍ ലോകകപ്പ് സെഞ്ചുറികള്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിന് ഓപ്പണർമാരായ ലിട്ടൺ ദാസും (66) തൻസീദുൽ ഹസനും (51) ചേർന്ന് 14.4 ഓവറിൽ 93 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയും റൺറേറ്റ് ഉയർത്താൻ അവസരം നൽകാതിരുന്നും ഇന്ത്യ പതിയെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 15-ാം ഓവറിൽ തൻസീദിനെ എൽ.ബിയിൽ കുരുക്കി കുൽദീപാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നൽകിയത്. പകരമിറങ്ങിയ നജ്മുൽ ഹൊസൈനെ(8) 20-ാം ഓവറിൽ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. 25-ാം ഓവറിൽ മെഹ്ദിയെ(3) സിറാജിന്റെ പന്തിൽ കീപ്പർ രാഹുൽ പിടികൂടി. ഇതോടെ ബംഗ്ളാദേശ് 129/3എന്ന നിലയിലായി.
82 പന്തുകളിൽ ഏഴുഫോറടിച്ച ലിട്ടന്റെ വെല്ലുവിളി 28-ാം ഓവറിൽ ജഡേജയാണ് അവസാനിപ്പിച്ചത്. തൗഹീദ് ഹൃദോയ് (16) ടീം സ്കോർ 179ൽ വച്ച് താക്കൂറിന് ഇരയായി. തുടർന്ന് മുഷ്ഫിഖുർ റഹിമും (38) മഹ്മൂദുള്ളയും (46) ചേർന്ന് പൊരുതിയെങ്കിലും 201ൽ വച്ച് ബുംറ മുഷ്ഫിഖുറിനെ മടക്കി അയച്ചു.233ൽ വച്ച് സിറാജ് നാസുമിനും (14)മടക്കടിക്കറ്റ് നൽകി. അർദ്ധസെഞ്ച്വറിയിലേക്ക് നീങ്ങിയ മഹ്മൂദുള്ളയെ അവസാന ഓവറിൽ ബുംറ ഉഗ്രനൊരു യോർക്കറിലൂടെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. 36 പന്തുകൾ നേരിട്ട മഹ്മൂദുള്ള മൂന്ന് വീതം ഫോറും സിക്സുമടിച്ചിരുന്നു. ബുംറയും സിറാജും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കുൽദീപിനും താക്കൂറിനും ഓരോ വിക്കറ്റ് ലഭിച്ചു.
ഹാർദിക്കിന് പരിക്ക്
ബംഗ്ളാദേശിനെതിരായ മത്സരത്തിനിടെ സ്റ്റാർ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് ഇടത്കാൽക്കുഴയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തന്റെ ആദ്യ ഓവർ ബൗളിംഗിനിടെയാണ് പാണ്ഡ്യയുടെ കാൽക്കുഴ തിരിഞ്ഞത്. ടീം ഫിസിയോ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ഓവർ പൂർത്തിയാക്കാൻ ആകാതെ പാണ്ഡ്യയ്ക്ക് തിരിച്ചുനടക്കേണ്ടിവന്നു. വിരാടാണ് ഓവർ പൂർത്തിയാക്കിയത്.
ഇന്നത്തെ മത്സരം
ഓസ്ട്രേലിയ Vs പാകിസ്ഥാൻ
2pm മുതൽ ബംഗളുരുവിൽ