തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെത്തിയ ചൈനീസ് കപ്പല്‍ ഷെന്‍ഹുവ 15 ലെ ചൈനക്കാരായ ജീവനക്കാര്‍ക്ക് ബെര്‍ത്തില്‍ ഇറങ്ങാന്‍ അനുമതി. ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസ് ആണ് അനുമതി നല്‍കിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിതത്വം നീങ്ങി.
ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് മുഴുവൻ കരയിലിറങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്ആര്‍ആര്‍ഒ അനുമതി ലഭിച്ചത്. പിന്നീട് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായുള്ള വിവരം അധികൃതര്‍ അറിയിക്കുകയായിരുന്നു.
സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുബൈയില്‍നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥ കൂടി അനുകൂലമായാല്‍ വിഴിഞ്ഞത്ത് കപ്പലില്‍നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്ക്ക് ബര്‍ത്തിൽ ഇറങ്ങാൻ അനുമതി വൈകിയതിനാല്‍ സ്വീകരണം നല്കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.