കണ്ണൂര്‍ : ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. അവിടുത്തെ ജനങ്ങളാകെ നിയമത്തെ സ്വാഗതം ചെയ്യും. ഒരു കൃഷിക്കാരനും വിഷമമുണ്ടാകില്ല. ഒരാള്‍ക്കും പ്രശ്നമുണ്ടാകാന്‍ സാധ്യതയില്ലെന്നും ഇപി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്, എംഎം മണിയുടെ പ്രസ്താവനകള്‍ അദ്ദേഹം അവിടെ കണ്ടു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും. അദ്ദേഹം ഇടുക്കിയിലാണല്ലോ. എംഎം മണി പറയുന്നതുമെല്ലാം പ്രശ്നപരിഹാരത്തിനുള്ള സന്ദേശങ്ങളാണ്. നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്.
കൃഷിക്കാരന്റെ പക്ഷത്താണ് ഞങ്ങള്‍. കേരളത്തിലെ ഭൂമിയെല്ലാം ജന്മിമാരുടെയും നാടുവാഴികളുടേയും ദേവസ്വത്തിന്റെയും ഭൂമിയായിരുന്നില്ലേ. ഇപ്പോഴിത് കൃഷിക്കാരുടെ കൈവശത്തിലായില്ലേ. എങ്ങനെയാണ് ഇത് കൃഷിക്കാരന്റെയും സാധാരണക്കാരന്റെയും കൈവശത്തെത്തിയത്. ജനങ്ങള്‍ക്ക് വേണ്ട നിയമം നിര്‍മ്മിച്ചതു കൊണ്ടാണ്.
ഭൂപരിഷ്കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു. ചിലര്‍ നിയമത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിച്ചത് ആ നിയമം നടപ്പിലാക്കണമെന്നാണ്. അതുപോലെ ഭൂപ്രശ്നം പരിഹരിച്ച് ഇടുക്കിയില്‍ ശാന്തമായ അന്തരീക്ഷമായിരിക്കും ഉണ്ടാകുക.
ഇടുക്കിയുടെ രൂപീകരണകാലത്ത് എറണാകുളത്തു നിന്നും തൃശൂരില്‍ നിന്നുമെല്ലാം ആളുകളെ അങ്ങോട്ട് കയറ്റിവിട്ട് കുടിയേറ്റം നടത്തിച്ചതാണ്. അങ്ങനെയൊരു ഭൂതകാല ചരിത്രമുണ്ട്. അതെല്ലാം കണ്ടുകൊണ്ടുള്ള നിയമനിര്‍മ്മാണമാണ് നടക്കുന്നത്. അതില്‍ ശങ്കിക്കേണ്ട ഒരു കാര്യവുമില്ല.
കൈവശ കൃഷിക്കാര്‍ക്ക് നിയമപരമായ നടപടികള്‍ സ്വീകരിക്കും. കേരള നിയമസഭ പാസ്സാക്കിയ നിയമത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കം എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. പിന്നെയെന്താണ് തര്‍ക്കമെന്നും ജയരാജന് ചോദിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന് മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടിയപ്പോള്‍, അതില്‍ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.