ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന പരമപ്രധാനമായ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വരുന്നത്. എഴുത്തുകാരന് അനന്യ കോട്ടിയയും അഭിഭാഷകന് ഉത്കര്‍ഷ് സക്സേനയും സുപ്രീംകോടതിക്ക് മുന്നില്‍ മോതിരം മാറ്റി വിവാഹ നിശ്ചയം നടത്തുന്നതായി പ്രഖ്യാപിച്ചു.
കടുത്ത നിരാശയുണ്ടെന്നും ഒരുനാള്‍ പോരാട്ടത്തിലേക്ക് മടങ്ങുമെന്നും പുരുഷ സ്വവര്‍ഗാനുരാഗികള്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് ഇന്നലെ നിയമപരമായ നഷ്ടമാണുണ്ടായത്. എന്നാല്‍ ഇന്ന് ഞങ്ങള്‍ വിവാഹ നിശ്ചയത്തിന്റെ ആഘോഷത്തിലാണ്. ഞങ്ങള്‍ മറ്റൊരു ദിവസം പോരാട്ടം തുടരും’ സക്സേന എക്സിലൂടെ വ്യക്തമാക്കി. ഇരുവരും സുപ്രീംകോടതിയുടെ മുന്നില്‍ നിന്ന് വിവാഹ മോതിരം കൈമാറുന്ന ഫോട്ടോയും കുറിപ്പിനൊപ്പമുണ്ട്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്കാന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.