ഭുവനേശ്വര്‍ : സ്വവര്‍ഗ വിവാഹം ഒരുനാള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വനിത ദ്യുതി ചന്ദ്. സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനിടെയാണ് ദ്യുതി ഇക്കാര്യം പറഞ്ഞത്. പങ്കാളിയായ മൊണാലിസയെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നും അവര്‍ പറഞ്ഞു.
സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്കാന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച് താമസിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി തടഞ്ഞിട്ടില്ല. സ്വവര്‍ഗ വിവാഹത്തിന് രാജ്യത്ത് അത്തരം നിയമനിര്‍മ്മാണം ഇല്ലാത്തതിനാല്‍ സുപ്രീം കോടതി അതില്‍ ഇടപെട്ടിട്ടില്ല എന്നേയുള്ളൂ എന്നും ദ്യുതി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്റും തീര്‍ച്ചയായും കേസ് പരിഗണിക്കുമെന്നും ഭാവിയില്‍ സ്വവര്‍ഗ വിവാഹത്തിന് ശരിയായ നിയമനിര്‍മ്മാണം നടത്തുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണുള്ളതെന്നും ദ്യുതി ചന്ദ് വ്യക്തമാക്കി. 2019ലാണ് താന്‍ സ്വവര്ഗാനുരാഗത്തിലാണെന്ന് ലോകത്തോട് ആദ്യമായി വെളിപ്പെടുത്തുന്നത്.
ഇത് മനുഷ്യത്വത്തിന്റ പ്രശ്നമാണെന്നും എല്ലാവര്ക്കും ജീവിതത്തില്‍ ശരിയായ അവകാശങ്ങള്‍ ലഭിക്കണമെന്നും ദ്യുതി പറഞ്ഞു. വര്‍ഷങ്ങളോളം ഒരുമിച്ച് താമസിക്കാമെങ്കിലും ഇന്‍ഷുറന്‍സ്, പെന്ഷന് പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു.