ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന് വധക്കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി സാകേത് കോടതി. നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി. ശിക്ഷാ വിധി പിന്നീടുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. മോഷണത്തിനിടെ കരുതിക്കൂട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്തി എന്നിവര്‍ കുറ്റകാരക്കാരാണെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയാരുന്നു. 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.
2008 സെപ്റ്റംബര്‍ 30നാണ് കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി. കൃത്യംനടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത്.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയതിനാല്‍ കൂടുതല്‍ വാദങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ കോടതി കൂടുതല്‍ സമയം നല്‍കിയിരുന്നു. ഒക്ടോബര്‍ 13ന് വിധി പറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. കവര്‍ച്ചാ ശ്രമമാണെന്നാണ് കോടതിയില്‍ പൊലീസ് വ്യക്തമാക്കിയത്.
പ്രതികള്‍ക്കെതിരെ മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് െ്രെകം ആക്ട് ( മക്കോക്ക ) ചുമത്തുകയും ചെയ്തിരുന്നു.