ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരായ അര്‍ജന്റീന തകര്‍ത്തത്. മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിനെ ഉറുഗ്വേ പരാജയപ്പെടുത്തി.
ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനന്‍ വിജയത്തിന്റെ കരുത്തായത്. 32-ാം മിനുട്ടില്‍ നിക്കോലാസ് ഗോണ്‍സാലസിന്റെ പാസ്സില്‍ നിന്നാണ് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ചു.
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഉറുഗ്വേ ബ്രസിലിനെ പരാജയപ്പെടുത്തിയത്.42-ാം മിനുട്ടില്‍ ഡാര്വിന് നൂനെസിലൂടെ ഉറുഗ്വേ മുന്നിലെത്തി. ഗോള്‍ മടക്കാനുള്ള ശ്രമത്തിനിടെ 45-ാം മിനുട്ടില്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്തായതും കാനറികള്‍ക്ക് തിരിച്ചടിയായി. മത്സരത്തിന്റെ 77-ാം മിനുട്ടില്‍ നിക്കോളാസ് ഡി ലാക്രൂസിലൂടെ ഉറുഗ്വേ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ 37 മത്സരങ്ങള്‍ക്കിടെ ബ്രസീലിന്റെ ആദ്യ തോല്‍വിയാണിത്.