കുന്നംകുളം: ഡിസ്കസ് ത്രോയിലും 400 മീറ്ററിലുമായി രണ്ട് സംസ്ഥാന റെക്കാഡ് പിറന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യദിനം ഏഴ് സ്വർണവും നാലും വെള്ളിയും അടക്കം 50 പോയിന്റുമായി പാലക്കാടിന്റെ കുതിപ്പ്. നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമടക്കം 37 പോയിന്റുമായി മലപ്പുറമാണ് രണ്ടാമത്.
സ്കൂൾ വിഭാഗത്തിൽ 18 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസാണ് ഒന്നാമത്. പതിന്നാല് പോയിന്റുമായി കോതമംഗലം മാർബേസിൽ രണ്ടാം സ്ഥാനത്തുമാണ്.സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ കെ.സി.സർവനും, സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാട് മാത്തൂർ സി.എഫ്.ഡി വി.എച്ച്.എസ്.എസിലെ പി.അഭിറാമുമാണ് സംസ്ഥാന റെക്കാഡ് നേടിയത്.
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിലാണ് പുതിയ റെക്കോഡുകാരൻ അവതരിച്ചത്. മാത്തൂർ സിഎഫ്ഡി സ്കൂൾ പ്ലസ്ടു വിദ്യാർഥി അഭിരാം 48.02 സെക്കൻഡിൽ പുതിയ സമയം കുറിച്ചു. 2005ൽ കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ വി ബി ബിനീഷ് കുറിച്ച 48.23 സെക്കൻഡാണ് മായ്ച്ചത്. കായികാധ്യാപകൻ കെ സുരേന്ദ്രന്റെ കീഴിലാണ് പരിശീലനം. മാത്തൂർ അമ്പാട്ട് വീട്ടിൽ പ്രമോദിന്റെയും മഞ്ജുഷയുടെയും മകനാണ്. കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ ആദ്യദിനം രണ്ട് റെക്കോഡുകളാണ് പിറന്നത്.
സീനിയർ ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ സി സെർവാൻ 57.71 മീറ്റർ എറിഞ്ഞ് റെക്കോഡിട്ടു. സഹോദരൻ കെ സി സിദ്ധാർത്ഥിന്റെ പേരിൽ 2018ലുള്ള റെക്കോഡാണ് തകർത്തത്. ബുധൻ രാവിലെ 6.30ന് സീനിയർ ബോയ്സ് 5000 മീറ്റർ നടത്തത്തോടെ രണ്ടാംദിനമത്സരം ആരംഭിക്കും. വേഗക്കാരെ നിശ്ചയിക്കുന്ന 100 മീറ്റർ ഫൈനലാണ് ഇന്നത്തെ മുഖ്യ ആകർഷണം. 400 മീറ്റർ ഹർഡിൽസ് അടക്കം 22 ഫൈനലുണ്ട്.