കൊച്ചി: അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണം വേഗത്തിലാക്കാനായി എൻഎച്ച് 66ൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ജില്ലയിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ തുറവൂരിൽനിന്ന് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി, ബിഒടി പാലംവഴി കുണ്ടന്നൂരിൽ എത്തുംവിധം ക്രമീകരണമുണ്ടാക്കാൻ കലക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
അങ്കമാലി ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുള്ള കണ്ടെയ്നർ വാഹനങ്ങൾക്ക് എംസി റോഡിലൂടെമാത്രമേ പോകാൻ അനുമതിയുള്ളൂ. ഇത്തരം വാഹനങ്ങൾ ഗതാഗതം തിരിച്ചുവിടുന്ന വഴിയിലൂടെയും ദേശീയപാതയിലൂടെയും സഞ്ചരിക്കാൻ അനുവദിക്കില്ല.
വാഹനങ്ങൾ തിരിച്ചുവിടുന്ന വഴികളിൽ ഇരുവശവുമുള്ള മരങ്ങളുടെ ചില്ലകൾ വെട്ടാൻ പൊതുമരാമത്തുവകുപ്പിനും കെഎസ്ഇബിക്കും നിർദേശം നൽകി. ബിഎസ്എൻഎൽ കേബിളുകളും പോസ്റ്റുകളും സ്വകാര്യ കേബിളുകളും മാറ്റാൻ അടിയന്തരനടപടി സ്വീകരിക്കും. ഈ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ദേശീയപാത ഏജൻസിക്ക് കലക്ടർ നിർദേശം നൽകി. കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് പരിഹരിക്കാൻ പൊതുമരാമത്ത് പാലം വിഭാഗത്തിനെ ചുമതലപ്പെടുത്തി. ബിഒടി പാലം, യുപി പാലം എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നിർദേശം നൽകി. 25ന് ട്രയൽ റൺ നടത്തും. ഇതിനുമുന്നോടിയായി ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥരുമായി സംയുക്തയോഗം ചേരും.