കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഹർജി. പെരിങ്ങണ്ടൂർ ബാങ്ക് എറണാകുളം പിഎംഎൽഎ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഇഡിക്കെതിരെ ക്രിമിനൽ നടപടി നിയമത്തിലെ ചട്ടങ്ങൾ പ്രകാരമാണ് ബാങ്ക് ഹർജി സമർപ്പിച്ചത്.
ബാങ്കിന്റെ പ്രവർത്തനങ്ങൾ ഇഡി തടസപ്പെടുത്തുകയാണ്. ഇതു തടയണമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പെരിങ്ങണ്ടൂർ ബാങ്ക് ഇഡിയുമായി പൂർണമായി സഹകരിക്കുന്നുണ്ട്. ആവശ്യപ്പെട്ട രേഖകൾ സമയ ബന്ധിതമായി ഹാജരാക്കി. കേസിൽ പ്രതി ചേർക്കപ്പെട്ട അരവിന്ദാക്ഷന്റേയും കുടുംബാംഗങ്ങളുടേയും അക്കൗണ്ട് വിവരങ്ങൾ ഇഡി ഒന്നിലേറെ തവണ ചോദിച്ചു വാങ്ങി.
ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേകമായി വാങ്ങി. ഇത് അരവിന്ദാക്ഷന്റെ മാതാവിന്റെ അക്കൗണ്ടാണെന്നും പ്രചരിപ്പിച്ചു. കോടതിയിൽ ഇഡി നൽകിയ വിവരങ്ങൾ ബാങ്കിനെതിരെ തെറ്റായ പ്രചാരണത്തിനു ഇടയാക്കി. വസ്തുതകൾ മനസിലാക്കാനുള്ള മുഴുവൻ രേഖകളും ഉണ്ട്. എന്നിട്ടും തെറ്റായ വിവരങ്ങൾ മനഃപ്പൂർവം റിമാൻഡ് എക്സ്റ്റൻഷൻ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ ചേർത്തതായും ഹർജിയിൽ ആരോപിക്കുന്നു.
ബാങ്ക് സെക്രട്ടറിയെ തുടർച്ചായായി ഇഡി വിളിച്ചു വരുത്തി. ബാങ്ക് നൽകിയ വിവരങ്ങൾ തെറ്റാണെന്നു എഴുതി നൽകാൻ സെക്രട്ടറിയെ നിർബന്ധിച്ചു. മാനസികമായി പീഡിപ്പിച്ചു. ബാങ്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഇത് നിക്ഷേപകരിൽ വലിയ പരിഭ്രാന്തി പരത്തിയെന്നും ബാങ്ക് പറയുന്നു.