കൊച്ചി: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ നല്കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേഷിന് ഇതില്‍ പങ്കുണ്ടെന്നുമാണ് പരാതി. ഗണേഷ് കുമാറിനെയും സോളര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്.
കേസില്‍ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്നാണ് ഗണേഷിന്റെ ആവശ്യം. നേരത്തെ, മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി ഇന്നുവരെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ 18ന് ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ് നിലവിലുണ്ട്.