ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനു മുന്നില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്. ലോകകപ്പിലെ തങ്ങളുടെ മൂന്നാം പോരില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 49.5 ഓവറില്‍ 284 റണ്‍സെന്ന പൊരുതാവുന്ന സ്കോര്‍ സ്വന്തമാക്കി.
ടോസ് നേടി ഇംഗ്ലണ്ട് അഫ്ഗാനെ ബാറ്റിങിനു വിടുകയായിരുന്നു. യുവ താരം റഹ്മാനുല്ല ഗുര്‍ബാസ് അവര്‍ക്ക് മിന്നല്‍ തുടക്കം നല്കി. സഹ ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ സ്ട്രൈക്ക് കൈമാറി നിന്നതോടെ താരം ആത്മവിശ്വാസത്തോടെ അടിച്ചു. 57 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് വാരിയ റഹ്മാനുല്ലയ്ക്ക് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. കന്നി ലോകകപ്പ് സെഞ്ച്വറിക്ക് 20 റണ്‍സ് അകലെ താരം റണ്ണൗട്ടായി മടങ്ങി.
ഓപ്പണിങില്‍ റഹ്മാനുല്ല- ഇബ്രാഹിം സാദ്രാന്‍ സഖ്യം 116 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. 16.4 ഓവറിലാണ് ഇവര്‍ വെടിക്കെട്ട് നടത്തിയത്. ആദില്‍ റഷീദാണ് ഒടുവില്‍ കൂട്ടുകെട്ടു പൊളിച്ച് ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചെത്തിച്ചത്. 48 പന്തുകള്‍ നേരിട്ട് ഇബ്രാഹിം 28 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്.
ആറ് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവര്‍ക്ക് രണ്ടാം വിക്കറ്റും, പിന്നാലെ മൂന്നാം വിക്കറ്റും നഷ്ടമായി. റഹ്മത് ഷാ അധികം നിന്നില്ല താരം രണ്ടാം വിക്കറ്റായി മടങ്ങി. മൂന്ന് റണ്‍സായിരുന്നു സമ്പാദ്യം. ആദില്‍ റഷീദ് തന്നെയാണ് ഈ വിക്കറ്റും വീഴ്ത്തിയത്. തൊട്ടടുത്ത പന്തില്‍ അടിച്ചു കളിച്ച റഹ്മാനുല്ല റണ്ണൗട്ടായി. ഇതോടെ അവര്‍ മൂന്നിനു 122 എന്ന നിലയിലായി.
ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി (14), അസ്മതുല്ല ഒമര്‍സായ് (19) എന്നിവര്‍ അല്‍പ്പം നിന്നെങ്കിലും അതും നീണ്ടില്ല. അഫ്ഗാന് അഞ്ചിനു 174 എന്ന നിലയിലായിലായി.
പിന്നീട് ക്രീസിലെത്തിയ ഇക്രം അലിഖില്‍ അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തു. പിന്നാല വന്ന മുഹമ്മദ് നബി ഒന്‍പത് റണ്‍സില്‍ മടങ്ങി. എന്നാല്‍ അലിഖില്‍ റാഷിദ് ഖാന്, മുജീബ് റഹ്മാന് എന്നിവരുടെ പിന്തുണയില്‍ ടീമിനെ മുന്നോട്ടു നയിച്ചു. റാഷിദ് 22 പന്തില്‍ 23 റണ്‍സെടുത്തു മടങ്ങി. പിന്നാലെ വന്ന മുജീബ് 16 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും സഹിതം 28 റണ്‍സ് അടിച്ചു.
എട്ടാം വിക്കറ്റായാണ് ഒടുവില്‍ അലിഖില്‍ മടങ്ങിയത്. താരം 58 റണ്‍സെടുത്തു. മൂന്ന് ഫോറും രണ്ട് സിക്സും താരം നേടി. അലിഖില്‍ മടങ്ങുമ്പോള്‍ സ്കോര്‍ 277 ആയിരുന്നു. അതേ സ്കോറില്‍ മുജീബും പുറത്തായതോടെ അഫ്ഗാന്റെ സ്കോര്‍ മുന്നൂറ് കടത്താനുള്ള ശ്രമം പാളി. നവീന്‍ ഉള് ഹഖ് അഞ്ച് റണ്‍സില്‍ റണ്ണൗട്ടായി. ഇന്നിങ്സിനു തിരശ്ശീല വീഴുമ്പോള്‍ രണ്ട് റണ്ണുമായി ഫസല്‍ഹഖ് ഫാറൂഖി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മികച്ച രീതിയില്‍ ബൗള്‍ ചെയ്തു. താരം. പത്തോവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക് വുഡ് രണ്ട് വിക്കറ്റെടുത്തു. റീസ് ടോപ്ലി, ലിയാം ലിവിങ്സ്റ്റന്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.