തിരുവനന്തപുരം : അസാധ്യം എന്നൊരു വാക്ക് കേരളത്തില്‍ ഇല്ലെന്ന് തെളിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പലിന്റെ സ്വീകരണ യോഗത്തിലാണ് കേരളത്തിന്റെ വികസനകുതിപ്പിനെ കുറിച്ച് മുഖ്യമന്ത്രി വാചാലനായത്.
ആദ്യ ചരക്കുകപ്പലായ ഷെന്‍ഹുവ 15ന് പുറമേ എട്ടു കപ്പലുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞം തുറമുഖത്ത് എത്തും. ആറ് മാസത്തിനുള്ളില്‍ കമ്മീഷനിങ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇതുപോലെ ഒരു തുറമുഖം അപൂര്‍വ്വമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകള്‍ക്ക് അപ്പുറമെന്നും ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തുന്നത്. രാജ്യത്തിന്റെ തന്നെ അഭിമാനകരമായ പദ്ധതിയാണിത്. അത്തരം ഒരു കാര്യം ഒരിടത്ത് ഉയര്‍ന്നുവരുമ്പോള്‍ ചില അന്താരാഷ്ട്ര ലോബികള്‍ അതിനെതിരെ, അവരുടെ താത്പര്യം വച്ച് കൊണ്ടുള്ള നീക്കം നടത്താറുണ്ട്. ഈ പോര്‍ട്ടിന്റെ കാര്യത്തിലും അത്തരം ശക്തികള്‍ ഉണ്ടായിരുന്നു എന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ചില പ്രത്യേക വാണിജ്യ ലോബികള്‍ക്കും ഇത്തരം പോര്‍ട്ട് യാഥാര്ഥ്യമാകുന്നതിനോട് താത്പര്യം ഉണ്ടായിരുന്നില്ല. അവരും പ്രത്യേക രീതിയില്‍ ഇതിനെതിരെ രംഗത്ത് ഉണ്ടായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. അതിനെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു. കേരളം ഇന്ത്യയ്ക്ക് നല്കുന്ന മഹത്തായ സംഭാവനകളില്‍ ഒന്നാണ് ഈ പോര്‍ട്ട് എന്നത് കാണേണ്ടതായിട്ടുണ്ട്.അതുകൊണ്ടാണ് രാജ്യത്തിന് തന്നെ അഭിമാനകരമായ നിമിഷമാണ് ഇത് എന്ന് പറഞ്ഞത്. ഇവിടെയുള്ള സ്വാഭാവികമായ സവിശേഷതകള്‍ വിശദീകരിക്കേണ്ടതില്ല. മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത ഒരുപാട് സാധ്യതകളാണ് വിഴിഞ്ഞത്തിന് മുന്പില് തുറന്നുകിടക്കുന്നത്. ദീര്‍ഘകാലം ഇത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നത് നിര്‍ഭാഗ്യകരമായ കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിന് അറുതി വരുത്താന്‍ കഴിഞ്ഞു.അന്താരാഷ്ട്ര തുറമുഖമായി ഉയരണമെന്ന കാര്യത്തില്‍ വ്യക്തമായ നിലപാടാണ് ഉണ്ടയിരുന്നത്.നല്ലരീതിയില്‍ തന്നെ ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിഞ്ഞു. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം എന്നതാണ് ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. പ്രകൃതിദത്തമായി 20 മീറ്റര്‍ സ്വാഭാവിക ആഴം ഉണ്ട് എന്നത് വലിയ കപ്പലുകള്‍ക്ക് പോലും തുറമുഖത്ത് അടുക്കാന്‍ അവസരം നല്കുന്നു.
മുഖ്യകപ്പല് പാതയോട് ഇത്രയും അടുത്ത് നില്ക്കുന്ന ഒരു തുറമുഖം എവിടെയും ഇല്ല. 400 മീറ്റര്‍ നീളമുള്ള അഞ്ച് ബെര്‍ത്തുകള്‍, മൂന്ന് കിലോമീറ്റര്‍ നീളമുളള പുലിമുട്ട് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ആദ്യ ഘട്ടത്തില്‍ 400 മീറ്റര്‍ ബെര്‍ത്ത് പൂര്‍ത്തിയാകും.ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതോടെ 10ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖമായാണ് മാറാന്‍ പോകുന്നത്. സമയബദ്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രത്യേക കരുതല്‍ തന്നെയാണ് എല്ലാവരും കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.