അഹമ്മദാബാദ്: ആഘോഷ രാവിൽ ലക്ഷത്തിലധികം കാണികളെ സാക്ഷി നിർത്തി പാക്കിസ്ഥാനെ ഒരിക്കൽ കൂടി ഇന്ത്യ മുട്ടുകുത്തിച്ചു. ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ അയൽക്കാർ ഇനിയും കാത്തിരിക്കണം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 19.3 ഓവർ ബാക്കി നിൽക്കേ ഇന്ത്യ മറികടന്നു. 30.3 ഓവറിൽ മൂന്ന് വിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലെത്തി.
ക്യാപ്റ്റൻ രോഹിത് ശർമ (86), ശ്രേയസ് അയ്യർ (പുറത്താകാതെ 53) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. മിന്നുന്ന ഫോമിൽ തുടരുന്ന രോഹിത് 63 പന്തുകൾ മാത്രം നേരിട്ട് ആറ് ഫോറും അത്രതന്നെ സിക്സറുകളും പറത്തത്തിയാണ് മടങ്ങിയത്. 62 പന്തുകൾ നേരിട്ട ശ്രേയസ് മൂന്ന് ഫോറും രണ്ട് സിക്സും നേടി. 19 റൺസുമായി കെ.എൽ. രാഹുലും പുറത്താകാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് ഓൾഔട്ടായി. 30-ാം ഓവറിൽ ക്യാപ്റ്റൻ ബാബർ അസം പുറത്തായതോടെയാണ് പാക്കിസ്ഥാന്റെ നാടകീയ തകർച്ചയ്ക്ക് തുടക്കമായത്. അവസാന എട്ട് വിക്കറ്റുകൾ 36 റൺസിനിടെ നഷ്ടമായത് അവർക്ക് കനത്ത തിരിച്ചടിയായി.
ബാബർ അസം (50), വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ (49) എന്നിവർ മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു മുന്നോട്ടുപോകുന്നതിനിടെയാണ് പാക്കിസ്ഥാൻ തകർച്ചയിലേക്ക് വീണത്. 50 റൺസ് നേടിയ ബാബറിനെ സിറാജ് ക്ലീൻ ബൗൾഡ് ചെയ്തതിന് പിന്നാലെ പവലിയനിലേക്ക് പാക്ക് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു.
33-ാം ഓവറിൽ സൗദ് ഷക്കീലിനെയും ഇഫ്തിഖർ അഹമ്മദിനെയും മടക്കി കുൽദീപ് യാദവ് പാക്കിസ്ഥാന് ഇരട്ട പ്രഹരമേൽപ്പിച്ചു. പാക്കിസ്ഥാൻ പ്രതീക്ഷ വച്ച റിസ്വാനെ ബുംറ ക്ലീൻ ബൗൾഡ് ചെയ്തതോടെ പിന്നെയെല്ലാം ചടങ്ങായി മാറി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ബുംറയാണ് മാൻ ഓഫ് ദ മാച്ച്.
വിജയ വഴി
1. മാന്യമായി ഇന്നിംഗ്സ് തുടങ്ങിയ പാകിസ്ഥാനെ തകർച്ചയിലേക്ക് തിരിച്ചുവിട്ടത് 30-ാം ഓവറിൽ നായകൻ ബാബർ അസമിന്റെ കുറ്റി പിഴുത മുഹമ്മദ് സിറാജിന്റെ അതിമനോഹര ബോളാണ്
2. 33-ാം ഓവറിൽ സൗദ് ഷക്കീലിനെ എൽ.ബിയിൽ കുരുക്കുകയും ഇഫ്തിഖറിനെ ബൗൾഡാക്കുകയും ചെയ്ത കുൽദീപ് സിംഗിന്റെ ഇരട്ടപ്രഹരം കൂടിയായപ്പോൾ പാകിസ്ഥാൻ തകർച്ചയിലേക്ക് നീങ്ങി
3.ബുംറ, സിറാജ്, കുൽദീപ്, ഹാർദിക് പാണ്ഡ്യ,ജഡേജ എന്നിവർ ഒത്തൊരുമയോടെ പോരാടി പാകിസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു. ബുംറ പാക് പടയെ ശരിക്കും വിറപ്പിച്ചു
4. നല്ല തുടക്കം കിട്ടിയെങ്കിലും മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല. 2ന് 155ൽ നിന്നാണ് 191ൽ തകർന്നടിഞ്ഞത്
5. മറുപടി ബാറ്റിംഗിൽ രോഹിത് തകർത്തടിച്ച് കളിച്ചതാണ് ഇന്ത്യയ്ക്ക് ചേസിംഗ് എളുപ്പമാക്കിയത്. ആറു സിക്സറുകളാണ് രോഹിത് പറത്തിയത്
6. എട്ടു ഏകദിന ലോകകപ്പുകളിൽ ഇത് എട്ടാം തവണയാണ് പാകിസ്ഥാനെ ഇന്ത്യ തോൽപ്പിക്കുന്നത്. ഈ വർഷം പാകിസ്ഥാനെതിരായ രണ്ടാം ജയം. ഇക്കഴിഞ്ഞ ഏഷ്യാകപ്പിൽ 228 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.
7. 36 റൺസ് നേടുന്നതിനിടെയാണ് പാകിസ്ഥാന് അവസാന എട്ടുവിക്കറ്റുകൾ നഷ്ടമായത്.