തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരേ വീണ്ടും വിമര്‍ശനവുമായി ലത്തീന്‍ സഭ. വിഴിഞ്ഞത് 60 ശതമാനം പണി മാത്രമാണ് പൂര്‍ത്തിയായതെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.യൂജിന്‍ പെരേര പറഞ്ഞു.
പുലിമുട്ട് നിര്‍മാണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. തുറമുഖത്തെ 44 അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്ന് മാത്രമാണ് ക്രെയിന്‍ എത്തിക്കുന്നത്. ക്രെയിന്‍ വരുന്നത് ഇത്ര ആഘോഷമാക്കുന്നതിന്റെ പിന്നിലെ ചേതാവികാരം എന്താണെന്ന് മനസിലാകുന്നില്ല.തുറമുഖത്തിന്റെ ഉദ്ഘാടന ദിനമായ ഞായറാഴ്ച കരിദിനം ആചരിക്കാനായിരുന്നു മത്സ്യതൊഴിലാളികളെ തീരുമാനം. സഭ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെന്നും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് ആരെയും വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 140 ദിവസം നീണ്ട സമരം നടത്തിയതാണ്. തങ്ങള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലും മുതലപ്പൊഴി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മത്സ്യതൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്ന സംഭവങ്ങള്‍ ഉണ്ടായി. ആ കുടുംബങ്ങള്‍ക്കുവേണ്ട സഹായം പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
ദിവസംപ്രതി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍പോലെയാണ് കേരളത്തിന്റെ സാമ്പത്തികസ്ഥിതി. ഇതിനിടെയാണ് ക്രെയിന്‍ കൊണ്ടുവരുന്ന കപ്പലിനെ ആഘോഷപൂര്‍വം സ്വീകരിക്കുന്നത്. ഇത് ലോകത്ത് ഒരിടത്തും കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരം അതിരൂപതാ അധ്യക്ഷന്‍ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുന്‍ അതിരൂപത അധ്യക്ഷന്‍ ഡോ. എം.സൂസപാക്യം എന്നിവരുടെ പേര് തുറമുഖ ഉദ്ഘാടന പരിപാടിയുടെ നോട്ടീസില്‍ വച്ചത് അവരുടെ അനുവാദമില്ലാതെയാണ്. ഇത് സഭ ഒപ്പമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.