കോഴിക്കോട്: മാതൃഭൂമി മുഴുവന്‍സമയ ഡയറക്ടറും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായ പി വി ഗംഗാധരൻ (80)അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഒരു വടക്കൻ വീരഗാഥ, അങ്ങാടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ അടക്കം നിരവധി ഹിറ്റ് സിനിമകളുടെ നിർമാതാവാണ്. ഗൃഹലക്ഷ്മിയുടെ ബാനറിൽ ഇരുപതിലേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. കെ എസ് യുവിലൂടെയാണ് അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയത്. നിലവിൽ എ ഐ സി സി അംഗമാണ്. 2011ൽ കോഴിക്കോട് നോർത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
കെ ടി സി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ സ്ഥാപകൻ പി വി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ൽ ജനിച്ചു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ സഹോദരനാണ്. ഭാര്യ: ഷെറിൻ. മക്കൾ: ഷെനുഗ, ഷെഗ്ന, ഷെർഗ. എസ്ക്യൂബ് സിനിമാസിന്റെ ഉടമകളാണിവർ. ജയതിലക്, വിജിൽ, സന്ദീപ് എന്നിവരാണ് മരുമക്കൾ.