ന്യൂഡൽഹി: ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. ഒൻപത് മലയാളികളടക്കം 212 പേരാണ് ആദ്യ സംഘത്തിലുള്ളത്. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിലെത്തിയിരുന്നു. ടെൽ അവീവിലെ ബെൻഗൂറിയോൺ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി ഇന്ത്യൻ സമയം 11.30നാണ് വിമാനം പുറപ്പെട്ടത്. സൗജന്യമായാണ് എല്ലാവരെയും നാട്ടിലെത്തിച്ചത്. ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത മറ്റുള്ളവരെ തുടർന്നുള്ള വിമാനങ്ങളിൽ നാട്ടിലെത്തിക്കും.
ഓപ്പറേഷൻ അജയ് ഒരാഴ്ചയെങ്കിലും തുടരും. അതേസമയം, ഇസ്രയേലിൽ നിന്ന് എത്തുന്ന മലയാളികളെ സഹായിക്കാൻ ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ ഹെൽപ് ഡെസ്കും ഒരുക്കും. കൺട്രോൾ റൂം നമ്പർ: 011 23747079.
ആയിരം വിദ്യാർത്ഥികൾ ഉൾപ്പെടെ 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളതെന്ന് ഇസ്രയേൽ കോൺസുലേറ്റ് ജനറൽ കോബി ശോഷാനി പറഞ്ഞു. ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പർ: +972-35226748, +972-543278392. ഇമെയിൽ cons1.telaviv@mea.gov.in.