കോഴിക്കോട്: എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചതിന് പിന്നാലെ ആര്‍ജെഡി കേരള സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവില്‍ നിന്നും എം.വി. ശ്രേയാംസ് കുമാര്‍ പതാക ഏറ്റുവാങ്ങി.
ഏറെ ആലോചിച്ച ശേഷമാണ് ആര്‍ജെഡിയില്‍ ലയിക്കാനുള്ള തീരുമാനമെടുത്തതെന്ന് എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. ഓരോ പാര്‍ട്ടിക്കാരുടേയും മനസിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ് സോഷ്യലിസ്റ്റുകളുടെ ഏകീകരണമെന്നത്. ആര്‍ജെഡിയുമായുള്ള ലയനം അതിനുള്ള കാല്‍വയ്പ്പാണെന്ന് കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ ശ്രേയാംസ് കുമാര്‍ പറഞ്ഞു.മുന്‍പുണ്ടായ കയ്പേറിയ അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അങ്ങനെയാണ് വര്‍ഗീയ ശക്തികളോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്ക് തയാറാകാത്ത ആര്‍ജെഡിയുമായി ലയിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“ലയന തീരുമാനം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒരു പോലെ അനുകൂലിച്ചു. ഒരു അപശബ്ദം പോലും ഉണ്ടായില്ല. എല്ലാ കാലത്തും മതേതരത്വത്തിനു വേണ്ടി നിലനിന്ന പാര്‍ട്ടിയിലാണ് ഇപ്പോഴുള്ളത്. ഏത് വെല്ലുവിളിയിലും മതേതരത്വത്തില്‍ ഉറച്ചു നിന്നാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയിലും ആ യോജിപ്പ് വേണം’. ഇന്ന് പാര്‍ട്ടിക്ക് ഒരു ലക്ഷ്യമുണ്ടെന്നും എല്ലാ കാലത്തും സോഷ്യലിസ്റ്റായി തുടരുമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നുവെന്നും ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. ഫാസിസ്റ്റ് ശക്തികളേയും ബിജെപിയേയും ഒരുമിച്ച് നേരിടുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന എല്‍ജെഡി-ആര്‍ജെഡി ലയന സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി.