ലഖ്നൗ : ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ പോരാട്ടം. രണ്ടാം ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ആദ്യ ജയം തേടുന്ന ഓസ്ട്രേലിയയാണ് എതിരാളികൾ. ഉച്ചയ്ക്ക് രണ്ടിന് ലഖ്നൗവിലാണ് മത്സരം.
ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 102 റൺസിന്റെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക മത്സരത്തിനിറങ്ങുന്നത്. എന്നാൽ ഇന്ത്യയോട് ആറ് വിക്കറ്റിനേറ്റ പരാജയം മറികടക്കാനാണ് ഓസ്ട്രേലിയയെത്തുക. വെടിക്കെട്ട് ബാറ്റിങ് നിര തന്നെയാവും ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ്. എയ്ഡൻ മാർക്രം, റാസി വാൻ ഡെർ ഡ്യൂസൻ, ക്വിന്റൺ ഡി കോക്ക് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ജറാൾഡ് കൊട്സി, കാഗീസ റബാദ എന്നിവരടങ്ങിയ ബൗളിങ് നിരയും മികച്ച ഫോമിലാണ്.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓസീസ് തോൽവിയോടെ ടൂർണമെന്റ് തുടങ്ങുന്നത്. ലോകകപ്പിന് മുമ്പുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് മുന്നിൽ വീണ ഓസീസിന് ലോകകപ്പിലെ ആദ്യ മത്സരത്തിലും പതറിയിരുന്നു. എന്നാൽ ഇന്ന് ദക്ഷിണാഫ്രിക്ക വൻ വെല്ലുവിളിയായിരിക്കും കംഗാരുപ്പടയ്ക്ക് മുമ്പിൽ ഉയർത്തുക.