ന്യൂഡൽഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറിയാണ് രോഹിതിന്റേത്. ഇതോടെ ലോകകപ്പില്‍ ആറ് സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു. 63 പന്തിലാണ് സെഞ്ച്വറി അടിച്ചത്.
ഏകദിനത്തില്‍ രോഹിതിന്റെ 34 ആം സെഞ്ച്വറി കൂടിയാണിത്. 20 ഇന്നിങ്സില്‍ നിന്നാണ് സച്ചിന് ഈ നേട്ടത്തിലെത്തിയത്. 19 ഇന്നിങ്സില്‍ നിന്ന് രോഹിതും. ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി കൂടിയാണ് ഇത്. 1983ലെ കപില്‍ ദേവിന്റെ റെക്കോര്‍ഡും ഇതോടെ മറികടന്നു. 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ സിംബാവെക്കെതിരായ ഐതിഹാസിക ഇന്നിങ്സില്‍ 72 പന്തില്‍ നിന്നായിരുന്നു കപില്‍ ദേവിന്റെ സെഞ്ച്വറി.
ലോകകപ്പിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരിലൊരാളാണ് രോഹിത്. ഏകദിനത്തില്‍ അതുല്യ റെക്കോഡുകളുള്ള രോഹിത് 3 ഇരട്ട സെഞ്ച്വറികളാണ് അടിച്ചെടുത്തിട്ടുള്ളത്. ഏകദിന ലോകകപ്പില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003-ല്‍ സച്ചിന് പാകിസ്താനെതിരെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.