തിരുവനന്തപുരം : കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റബ്കോ മാനേജിംഗ് ഡയറക്ടര്‍ ഹരിദാസന് നമ്പ്യാരുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ റബ്കോയുടെ പത്തു വര്‍ഷത്തെ സാമ്പത്തികരേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി. വ്യാഴാഴ്ച രേഖകള്‍ ഹാജരാക്കാമെന്ന് ഹരിദാസന് നമ്പ്യാര്‍ അധികൃതരെ അറിയിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്ക് റബ്കോയുടെ വിപണന പങ്കാളിയായിരുന്നു. ഹരിദാസനൊപ്പം തന്നെ സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷിനോടും ഹാജരാകണമെന്ന് ഇഡി നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം എത്തിയില്ല. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന് പറ്റിയ വീഴ്ചകളെ പറ്റിയും ഇഡി അന്വേഷിക്കുന്നുണ്ട്.
ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ടു സഹകരണ വകുപ്പ് നിയോഗിച്ച സംഘം അന്വേഷണം നടത്തി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയുന്നതിനാണു സഹകരണ വകുപ്പ് രജിസ്ട്രാറെ വിളിപ്പിച്ചത്.
റബ്കോ ഉത്പന്നങ്ങളുടെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിതരണ ഏജന്‍സി കരുവന്നൂര്‍ ബാങ്കിനായിരുന്നു. ഉത്പന്നങ്ങളുടെ വില്പനയില് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായാണ് റബ്കോ മാനേജിംഗ് ഡയറക്ടറോടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
അതേസമയം, കരുവന്നൂര്‍ കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും വീണ്ടും ഇഡി കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
ചോദിക്കുന്ന കാര്യങ്ങളില്‍ പലതും ഓര്‍മയില്ലന്നാണ് പ്രതികള്‍ പറയുന്നതെന്ന് ഇഡി വ്യക്തമാക്കി. കേസിലെ ഒന്നാംപ്രതി സതീഷിന്റെ ഫോണിലെ ശബ്ദരേഖ തന്റേതുതന്നെയെന്ന് അരവിന്ദാക്ഷന് സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍, സംസാരത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഇയാള്‍ തയാറായില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടി. ശബ്ദരേഖകള്‍ തന്നെ കേള്‍പ്പിച്ച് 13 എണ്ണത്തില്‍ ഒപ്പുവെപ്പിച്ചെന്ന് അരവിന്ദാക്ഷനും കോടതിയില്‍ പരാതിപ്പെട്ടു. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.