നിസാമാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിൽ മറുപടിയുമായി കെസിആറിന്റെ മകനും തെലങ്കാന രാഷ്ട്ര സമിതി വര്ക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവു. തെലങ്കാനയെക്കാൾ വികസനമുള്ള ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനം കാണിക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ചൊവ്വാഴ്ച അദിലാബാദിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞങ്ങൾ അമിത് ഷായോട് ചോദിക്കാൻ ആഗ്രഹിക്കുന്നു, പ്രതിശീർഷ വരുമാനത്തിൽ 300 ശതമാനത്തിന്റെ വർധനവുള്ള ബിജെപി ഭരിക്കുന്ന അല്ലെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം എന്നെ കാണിക്കൂ. മികച്ച വികസനമുള്ള ഒരു സംസ്ഥാനമാണ് തെലങ്കാന. തെലങ്കാനയേക്കാൾ വികസനം കാഴ്ചവെച്ച ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനം കാണിക്കൂ’, കെ ടി രാമറാവു പറഞ്ഞു.
തെറ്റായ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നതിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തെലങ്കാനയിൽ നടക്കില്ല. 2018-ൽ ബിജെപി അത് ചെയ്തു. എന്നാൽ 119 സ്ഥാനാർത്ഥികളിൽ 108 പേർക്കും കെട്ടിവെച്ച തുക നഷ്ടപ്പെട്ടു. അമിത് ഷായോ നരേന്ദ്രമോദിയോ പറയുന്നത് തെലങ്കാനയിൽ ആരും കാര്യമായി എടുക്കുന്നില്ല. ബിജെപി സ്ഥാനാർത്ഥികൾക്ക് ഇക്കുറിയും കെട്ടിവെച്ച പണം നഷ്ടമാകുമെന്നും കെ ടി രാമറാവു അഭിപ്രായപ്പെട്ടു. അമിത് ഷായുടെ വാക്കുകൾ ജനങ്ങൾ തമാശയായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അദിലാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് അമിത് ഷാ കെസിആറിനെ വിമർശിച്ചത്. മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമേയുള്ളൂ, തന്റെ മകൻ കെടിആറിനെ മുഖ്യമന്ത്രിയാക്കുക. അദിലാബാദിലെ എല്ലാ ആദിവാസി യുവാക്കൾക്കും തൊഴിലും വിദ്യാഭ്യാസവും നൽകുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഒരു വശത്ത് തന്റെ മകനെയും മകളെയും കുറിച്ച് ചിന്തിക്കുന്ന കെസിആർ സർക്കാരും മറുവശത്ത് പാവങ്ങളെയും ആദിവാസികളെയും കുറിച്ച് ചിന്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരുമാണുള്ളത്. തെലങ്കാനയിലെ ജനങ്ങൾ തങ്ങൾക്ക് അനുയോജ്യരായവരെ തിരഞ്ഞെടുക്കണമെന്നും അമിത് ഷാ പറഞ്ഞു.