ന്യൂഡൽഹി : സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാവ ഇന്റർനാഷണൽ കമ്പനി എംഡിയും ചൈനീസ് പൗരനും ഉൾപ്പടെ നാല് പേരെ ഡൽഹി കോടതി മൂന്ന് ദിവസത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. ലാവ ഇന്റർനാഷണൽ കമ്പനിയുടെ എംഡി ഹരി ഓം റായ്, ചൈനീസ് പൗരനായ ആൻഡ്രൂ കുവാങ് എന്ന ഗുവാങ്വെൻ, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരെയാണ് കോടതി ഇ ഡി കസ്റ്റഡിയിൽ വിട്ടത്.
ഇ ഡി നൽകിയ അപേക്ഷയിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗലയുടെ ഉത്തരവ്. ആരോപണം തെറ്റാണെന്നും ഇഡിക്ക് തെളിവുകളില്ലെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നിതേഷ് റാണ അറിയിച്ചിരുന്നു. എന്നാൽ പ്രതികളുടെ റിമാൻഡ് ആവശ്യമാണെന്നും അതിനാൽ ഒക്ടോബർ 13 വരെ ഇവരെ ഇ ഡി കസ്റ്റഡിയിൽ വിടുന്നുവെന്നും ജഡ്ജി ദേവേന്ദർ കുമാർ ജംഗല ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് നാലു പ്രതികളെയും ഇ ഡി അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ വിവോ ചൈനയിലേക്ക് 62,476 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്തതായി ഇഡി ആരോപിച്ചിരുന്നു.