ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ 13 വർഷം പഴയ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അരുന്ധതി റോയ്യെയും കശ്മീർ കേന്ദ്രസർവകലാശാല മുൻ പ്രൊഫസർ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാനാണ് ലെഫ്. ഗവർണർ വി കെ സക്സേന അനുമതി നൽകിയത്.
രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാൻ പ്രവർത്തിച്ചിരുന്ന സമിതി (സിആർപിപി) 2010 ഒക്ടോബർ 10ന് ഡൽഹി എൽടിജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ആസാദി–- ദി ഒൺലി വേ’ പരിപാടിയിൽ നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് നടപടി. 2010 ഒക്ടോബർ 28ന് സുശീൽ പാണ്ഡെ എന്നയാൾ തിലക്മാർഗ് പൊലീസിന് പരാതി നൽകിയിരുന്നു. കശ്മീരിനെ അടർത്തിമാറ്റണമെന്നത് ഉൾപ്പെടെയുള്ള പരാമർശം നടത്തിയെന്നായിരുന്നു പരാതി. ഇതേ പരാതിക്കാരൻ നൽകിയ ഹർജിയിൽ 2010 നവംബർ 27ന് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കേസെടുക്കാൻ നിർദേശിച്ചു. തുടർന്ന് യുഎപിഎ നിയമത്തിലെ 13–-ാം വകുപ്പുൾപ്പെടെ ചേർത്ത് കേസെടുത്തു. അരുന്ധതി റോയിയും പ്രൊഫ. ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനും ഐപിസി 153എ, 153ബി, 505 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് ലെഫ്. ഗവർണർ അറിയിച്ചു.