മുംബൈ : ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി. മുംബൈ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്.
മത്സരത്തിന്റെ തുടക്കത്തിൽ ആക്രമിച്ച കളിച്ച ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. പതുക്കെ പതുക്കെ മുംബൈ കളിയുടെ നിയന്ത്രണം വരുതിയലാക്കുകയായിരുന്നു.
ആദ്യ പകുതിയുടെ അധിക സമയത്താണ് മുംബൈ ആദ്യ ഗോൾ കണ്ടെത്തിയത്. പെരേര ഡയസാണ് മുംബൈയെ മുന്നിലെത്തിച്ചത്. ഡിഫൻസിലെ പിഴവിൽനിന്നാണ് ഗോൾ പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളം സമനില പിടിച്ചു. 57-ാം മിനിറ്റിൽ ഡാനിഷ് ഫാറുഖാണ് കേരളത്തിന്റെ ആശ്വാസ ഗോൾ നേടിയത്. സന്ദീപിന്റെ ക്രോസിൽനിന്നാണ് ഗോൾ പിറന്നത്.
66-ാം മിനിറ്റിൽ അപുയയിലൂടെ മുംബൈ സിറ്റി വീണ്ടും ലീഡ് ഉയർത്തി. പിന്നീട് ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് പോരുതിയെങ്കിലും ഫലം കണ്ടില്ല.
ഇതിനിടെ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ പലവട്ടം ഗ്രൗണ്ടിൽ ഉന്തും തള്ളുമുണ്ടായി. ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിങ്കിച്ചും മുംബൈയുടെ യോല്‍ വാൻ നിഫും ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി.
പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. ഏഴ് പോയിന്റുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനത്താണ്.