ധർമശാല : ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് ജയത്തോടെ തുടക്കം. അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകർത്താണ് ബംഗ്ലാ കടുവകൾ തുടക്കം ഗംഭീരമാക്കിയത്. ഓൾറൗണ്ടർ മെഹ്ദി ഹസൻ മിറാസിന്റെ പ്രകടനമാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്.
ടോസ് നേടിയ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 37.2 ഓവറിൽ 156 റൺസിന് അഫ്ഗാൻ ഇന്നിംഗ്സ് അവസാനിച്ചു. 47 റൺസ് നേടിയ ഓപ്പണർ ബാറ്റർ റഹ്മാനുള്ള ഗുർബാസ് ആണ് ടോപ്പ് സ്കോറർ. മറ്റാർക്കും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സാക്കിബ് അൽ ഹസനും മെഹ്ദി ഹസൻ മിറാസുമാണ് അഫ്ഗാനെ തകർത്തത്. പേസർ ഷൊറിഫുൾ ഇസ്ലാം രണ്ട് വിക്കറ്റുകൾ നേടി.
ചെറിയ വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ലിറ്റൺ ദാസ് (13), തൻസിബ് ഹസൻ (5) എന്നിവരെ നഷ്ടമായതോടെ സ്കോർ 27/2 എന്ന നിലയിലായി.
പിന്നീട് ക്രീസിൽ എത്തിയ മെഹ്ദി ഹസൻ മിറാസും നജ്മുൾ ഹൊസൈൻ സാന്റോയും നേടിയ അർധ സെഞ്ചുറികളാണ് ബംഗ്ലാദേശ് ജയം അനായാസമാക്കിയത്. മിറാസ് 57 റൺസ് നേടി പുറത്തായപ്പോൾ സാന്റോ 59 റൺസോടെ പുറത്താകാതെ നിന്നു. 14 റൺസ് നേടിയ സാക്കിബിന്റെ വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി.