കാസർകോട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ സിനിമ, ടെലിവിഷൻ താരം ഷിയാസ് കരീമിനെ കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസിനെ പിടികൂടിയത്.
ഷിയാസ് കരീമിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കാസർകോട് ചന്തേര പൊലീസാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ചന്ദേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ ഇറക്കിയിരുന്നു.
കാസർകോട് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഷിയാസിൻറെ വിവാഹനിശ്ചയം. ഇതിൻറെ ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.
2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ യുവതി പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നിരപരാധിയാണെന്ന് പരോക്ഷമായി പറയുന്ന റീൽസ് വീഡിയോ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. രണ്ട് വീഡിയോ ആണ് നടൻ സമൂഹ്യമാധ്യമത്തിൽ പങ്കുവച്ചത്.
ഇന്ത്യൻ നിയമത്തിൽ സ്ത്രീകൾക്കുള്ള പ്രത്യേക അവകാശത്തെ പറ്റി നടി സാധിക വേണുഗോപാല്‍ ഒരഭിമുഖത്തിൽ പറഞ്ഞ ഭാഗമാണ് ആദ്യത്തേത്. ആൺവിരോധത്തിൽ സ്ത്രീകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന നിയമമാണ് ഇതെന്നാണ് സാധിക വീഡിയോയില്‍ പറയുന്നത്. പിന്നാലെ, ‘കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല, ഇവ രണ്ടുമില്ലാത്ത നാടുമില്ല. നമ്മൾ നമ്മുടെ ലക്ഷ്യവുമായി മുമ്പോട്ടു പോകും’ എന്ന് രജനീകാന്ത് പറയുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് മോഡലിംഗിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. വീരം, മരക്കാർ അറബിക്കടലിൻറെ സിംഹം, ഗാർഡിയൻ,ക്യാപ്റ്റൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.