കോഴിക്കോട് : ബീച്ച് ആശുപത്രിയിലെ താല്ക്കാലിക സെക്യൂരിറ്റി ജീവനക്കാരിയായ ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. ആശുപത്രിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.യുവതിയുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു.
ആഗസ്റ്റ് 10 നാണ് സംഭവം നടന്നത്. വസ്ത്രം മാറുന്ന സമയത്താണ് അതിക്രമം നടന്നതെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ യാതൊരു നടപടിയും ആശുപത്രി അധികൃതർ സ്വീകരിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. പരാതി ഒതുക്കി തീർക്കാനും ആശുപത്രി അധികൃതർ ശ്രമിച്ചെന്നും യുവതി പറയുന്നു. പീഡനശ്രമം,എസ്.സി,എസ്.ടി അതിക്രമ നിരോധനനിയമം വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.