വിഴിഞ്ഞം തുറമുഖ നിർമാണം ആരംഭിച്ച ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, പൂന്തുറ , വലിയതുറ, ബീമാപ്പള്ളി ഭാഗങ്ങളിൽ തീര ശോഷണം ഉണ്ടായെന്ന ആരോപണം പലകേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇതിന്റെ വസ്തുത പരിശോധിക്കുമ്പോൾ ഒട്ടും ശാസ്ത്രീയമല്ലാത്ത ഒരു നിഗമനവും ആരോപണവുമാണ് ഇതെന്ന് പകൽ പോലെ വ്യക്തമാകുന്നുണ്ട് . വിഴിഞ്ഞം തുറമുഖം ഒരു സെഡിമെന്റ് സെല്ലിനുള്ളിലെ തുറമുഖം ആണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള തീര ശോഷണം തുറമുഖ നിർമാണത്തിന്റെ ഭാഗമാണ് എന്ന അസത്യ പ്രചാരണം നടക്കുന്നത്.
വിഴിഞ്ഞം പുലിമുട്ട് നിർമാണവും തീരശോഷണ സാധ്യതയും
ശംഖുമുഖം, പൂന്തുറ , വലിയതുറ, ബീമാപ്പള്ളി ഭാഗങ്ങളിൽ തീര ശോഷണം ഉണ്ടാകുന്നത് വിഴിഞ്ഞം പുലിമുട്ട് നിർമാണത്തിന് ശേഷമാണ് എന്ന ആരോപണം തികച്ചും അവാസ്തവമാണ്. വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2015 ലാണ്. പുലിമുട്ട് നിർമാണം തുടങ്ങിയതാകട്ടെ 2016ലും . 2005 മുതൽക്കുള്ള 15 വർഷക്കാലത്തെ ഗൂഗിൾ മാപ്പ് മാത്രം മതി തീരശോഷണത്തിന് വിഴിഞ്ഞം തുറമുഖമുമായി ബന്ധമൊന്നും ഇല്ലെന്നു വെളിവാകാൻ . 2005 ൽ സംസ്ഥാന സർക്കാരിന് വേണ്ടി മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ ശംഖുമുഖത്തും പനത്തുറ ബീമാപ്പള്ളി പ്രദേശങ്ങളിലും അതിരൂക്ഷമായ കടൽക്ഷോഭവും തീരശോഷണവും സംഭവിക്കുന്നുണ്ടെന്ന വസ്തുത വെളിവാക്കുന്നുണ്ട്. ഈ പഠനത്തിന് പത്തുവർഷത്തിനു ശേഷമാണ് വിഴിഞ്ഞം തുറമുഖ നിർമാണം തുടങ്ങിയത് എന്നതു കൂടി ചേർത്തുവായിക്കുക.
വിഴിഞ്ഞം തുറമുഖത്തിന്റെ ആകൃതിയും പ്രകൃത്യായുള്ള ഗുണങ്ങളും
നേർരേഖയിലുള്ള കടൽത്തീരത്ത് നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ സമീപ മേഖലകളിൽ പരിസ്ഥിതി ആഘാതം ഉണ്ടാകുന്ന പതിവുണ്ട് . നേർരേഖയിലെ തുറമുഖ നിർമാണത്തിന്റെ പ്രത്യാഘാതം കടലിലേക്ക് തള്ളി നിൽക്കുന്ന ദൂരത്തിന്റെ 8 മുതൽ 10 കിലോമീറ്റർ ദൂരത്തിൽ എത്തും. വിഴിഞ്ഞം നേർരേഖയിൽ ഉള്ള തുറമുഖമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷ ആകൃതി ഈ സാഹചര്യത്തിൽ പ്രകൃതിക്കു തുണയാകുന്നുണ്ട് .
കടൽത്തീരം അകത്തേക്ക് വളഞ്ഞു പോക്കറ്റ് ആകൃതിയിൽ ഉള്ളതാണ് ( സെഡിമെന്റ് സെൽ ) വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ ആഴിമല മുനമ്പ് മുതൽ കോവളം മുനമ്പ് വരെയുള്ള പ്രദേശം അകത്തേക്ക് വളഞ്ഞ സെഡിമെന്റ് സെൽ ആകൃതിയിലാണ്. സെല്ലിനുള്ളിലെ മണൽനീക്കം സമീപ പ്രദേശങ്ങളിൽ മാറ്റം ഉണ്ടാക്കില്ല. ഇതിനെക്കുറിച്ച് നാഷണൽ സെന്റർ ഫോർ സസ്റ്റെയിനബിൾ കോസ്റ്റൽ മാനേജ്മെന്റ് ഇന്ത്യയിലെ ( എൻ.സി.എസ്.സി.എം) നടത്തിയ പഠനത്തിൽ ഇക്കാര്യം സുവ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട് . ഇത്തരത്തിൽ തന്നെയാണ് തീരശോഷണം സംബന്ധിച്ചുള്ള പഠനങ്ങളിലും തുടർ നിരീക്ഷണങ്ങളിലും വ്യക്തമാകുന്നതും.
വിഴിഞ്ഞം പുലിമുട്ടിന്റെ നീളം 3 .1 കിലോമീറ്റർ ആണ്. ഒരുകിലോമീറ്റർ ആണ് തള്ളിനിൽക്കുന്ന ഭാഗം. നേർരേഖയിലെ പ്രത്യാഘാതം 8 മുതൽ 10 കിലോമീറ്റർ വരെയെന്നു കണക്കിലാക്കിയാൽ പോലും പനത്തുറ, ശംഖുമുഖം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ ഭാഗങ്ങൾ ഈ പത്തുകിലോമീറ്റർ പരിധിയിൽ വരുന്നില്ല. സമീപ തീരങ്ങളിൽ കടൽശോഷണം അനുഭവപ്പെടാത്ത സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ 13 -15 കിലോമീറ്റർ ദൂരത്തിലുള്ള ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ തീരശോഷണത്തിന് വിഴിഞ്ഞം കാരണമാകുന്നില്ല എന്ന് വ്യക്തം. മാത്രമല്ല കാലാവസ്ഥാ വ്യതിയാനം മൂലം വീശിയടിച്ച ഓഖി അടക്കമുള്ള ചുഴലിക്കാറ്റുകൾക്ക് തീരശോഷണത്തിലും തീര വ്യതിയാനത്തിലും പങ്കുണ്ട് താനും .