പത്തനംതിട്ട : ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിലും റെയ്ഡ്. ന്യൂസ് ക്ലിക്കില്‍ മുന്‍പ് ജോലി ചെയ്തിരുന്നു ജീവനക്കാരിയുടെ വീട്ടില്‍ ഡല്‍ഹി പൊലീസ് റെയ്ഡിനെത്തി. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പൊളിന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.
മൊബൈല്‍ ഫോണും ലാപ് ടോപും പിടിച്ചെടുത്തു. കേരള പൊലീസിനടക്കം വിവരം കൈമാറിയ ശേഷമാണ് ഡല്‍ഹി പൊലീസ് റെയ്ഡിനെത്തിയത്.
വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് അനധികൃത ഫണ്ടുകള്‍ സ്വീകരിച്ച് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായി നേരത്തെ എഫ്ഐആര്‍ പുറത്തു വന്നിരുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ അംഗമായ നെവില്‍ റോയ് സിംഘമാണ് ഈ പണം ഇന്ത്യയിലൊഴുക്കിയതെന്നും എഫ്ഐആറില്‍ പറയുന്നു
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കയസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചതായും എഫ്ഐആറിലുണ്ട്. നിയമവിരുദ്ധമായ ഫണ്ടുകള്‍ 5 വര്‍ഷം സ്വീകരിച്ചതായും കശ്മീരും അരുണാചലും തര്‍ക്കപ്രദേശം എന്ന് സ്ഥാപിക്കാന്‍ വാര്‍ത്തകളിലൂടെ ശ്രമിച്ചുതായും എഫ്ആറില്‍ പറയുന്നു.
അതേസമയം, എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബിര്‍ പുര്‍കയസ്ഥ നല്കിയ ഹര്‍ജി വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. അനധികൃത വിദേശ ഫണ്ടിങ് ഉള്‍പ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട് പ്രബിര്‍ പുര്‍കയസ്ഥ, സ്ഥാപനത്തിന്റെ എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തി എന്നിവരാണ് അറസ്റ്റിലായത്.
ചൈനയില്‍ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വ്യാപക പരിശോധനയ്ക്ക് ശേഷമാണ് ഇരുവരും അറസ്റ്റിലായത്. ചൈനയുമായി ബന്ധപ്പെട്ട സ്രോതസ്സുകളില്‍നിന്ന് 38 ലക്ഷത്തോളം രൂപ ന്യസ്ക്ലിക്കിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്.