ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ സെമി ഫൈനൽ പോരാട്ടത്തിൽ പാക്കിസ്ഥാനെ നാലുവിക്കറ്റിന് തകർത്ത് അഫ്ഗാനിസ്ഥാൻ ഫൈനലിൽ കടന്നു. പാക്കിസ്ഥാൻ ഉയർത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. ഫൈനലിൽ ഇന്ത്യയാണ് അഫ്ഗാന്റെ എതിരാളികൾ.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ അഫ്ഗാൻ ബൗളിംഗ് നിര വെള്ളംകുടിപ്പിച്ചു. പാക് ബാറ്റിംഗ് നിരയിൽ 24 റണ്‍സെടുത്ത ഓപ്പണർ ഒമൈർ യൂസഫൊഴികെ മറ്റാർക്കും പിടിച്ചുനില്‍ക്കാനായില്ല. ആറു ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. വാലറ്റത്ത് 14 റണ്‍സെടുത്ത ആമെർ ജമാലാണ് പാക്കിസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്കോറർ.എക്സ്ട്രാസ് ഇനത്തിൽ അഫ്ഗാൻ ബൗളർമാർ വിട്ടുകൊടുത്ത 17 റണ്‍സിന്റെ സഹായത്തോടെയാണ് പാക് സ്കോർ നൂറുകടന്നത്. അഫ്ഗാനിസ്ഥാനു വേണ്ടി ഫരീദ് അഹമ്മദ് 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഖയീസ് അഹമ്മദും സഹീർ ഖാനും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ 35 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നാം നമ്പരിലിറങ്ങിയ നൂർ അലി സദ്രാന്റെ ഇന്നിംഗ്സാണ് അഫ്ഗാനെ കരകയറ്റിയത്. 33 പന്തിൽ രണ്ടു സിക്സറും നാലു ഫോറുമുൾപ്പെടെ 39 റണ്‍സെടുത്ത സദ്രാനാണ് ടോപ് സ്കോറർ. സദ്രാൻ പുറത്തായതിനു പിന്നാലെയെത്തിയ മൂന്ന് ബാറ്റർമാർ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. വാലറ്റത്ത് ചെറുവെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച നായകൻ ഗുലാബദിൻ നയിബ് ആണ് അഫ്ഗാന് വിജയം സമ്മാനിച്ചത്. 19 പന്തിൽ മൂന്നു സിക്സറും ഒരു ഫോറുമുൾപ്പെടെ 26 റണ്‍സുമായി നയിബ് പുറത്താകാതെ നിന്നു.