ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. പുരുഷ സിംഗിൾസ് സെമിയിൽ ചൈനയുടെ ലീ ഷിഫെംഗിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണോയ് പരാജയപ്പെട്ടത്. സ്കോർ 21-16, 21-9. നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യ മെഡൽ നേടുന്നത്. 1982 ഡൽഹി ഏഷ്യൻ ഗെയിംസിൽ സയീദ് മോദി ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടിയിരുന്നു.
ഏഷ്യൻ ഗെയിംസിന്റെ പതിമൂന്നാം ദിനമായ വ്യാഴാഴ്ച ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. അമ്പെയ്ത്തിൽ വനിതകളുടെ റികർവ് വിഭാഗത്തിൽ ഇന്ത്യയുടെ അങ്കിത ഭഗത്, സിമ്രൻജിത് കൗർ, ഭജൻ കൗർ എന്നിവരടങ്ങുന്ന ടീം വെങ്കലം നേടിയിരുന്നു.വിയറ്റ്നാമിന്റെ ദേ തി ആൻ ഗുയെറ്റ്, എൻഗുയെൻ തി തൻ ഹി, ഹോംഗ് ഫുവോംഗ് താവോ എന്നിവരെയാണ് 6-2 ന് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. പതിമൂന്നു വർഷത്തിനു ശേഷമാണ് ഏഷ്യൻ ഗെയിംസ് റികർവ് വിഭാഗത്തിൽ ഇന്ത്യ മെഡൽ സ്വന്തമാക്കുന്നത്. ഇതോടെ, ഹാംഗ്ഝൗവിൽ ഇന്ത്യയുടെ മെഡൽനേട്ടം 88 ആയി. 21 സ്വർണം, 32 വെള്ളി, 35 വെങ്കലം എന്നിങ്ങനെയാണ് മെഡൽ പട്ടിക.