കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്‍കിയേക്കും.
കണ്ണന് വ്യാഴാഴ്ച രണ്ടാമതും ഹാജരാക്കിയ സ്വത്തുവിവരങ്ങള്‍ അപൂര്‍ണമാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂര്‍ സഹകരണ ബാങ്കിലെ ഇടപാടിലെ അവശേഷിക്കുന്ന രേഖകളുടെ പട്ടിക തയാറാക്കി വീണ്ടും എം.കെ. കണ്ണന് നോട്ടീസ് നല്‍കാനാണ് ഇഡി നീക്കം. സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്കും കടക്കുമെന്നും സൂചനയുണ്ട്.
വിവരങ്ങള്‍ കൈമാറാന്‍ ഇഡി അനുവദിച്ച സമയ പരിധി അവസാനിച്ച വ്യാഴാഴ്ച പ്രതിനിധികള്‍ മുഖേനയും ഇ-മെയിലിലൂടെയുമാണ് എം.കെ.കണ്ണന് രേഖകള്‍ ഇഡി ഓഫീസില്‍ നല്‍കിയത്. രേഖകള്‍ അപര്യാപ്തമായതിനാല്‍ ആവശ്യമായവയുടെ പട്ടിക തയാറാക്കി നല്കാന് ഇഡി തീരുമാനിച്ചിട്ടുണ്ട്.
മുമ്പു സമര്‍പ്പിച്ചതിന് പുറമേ കുടുംബാംഗങ്ങളുടേത് ഉള്‍പ്പെടെ സ്വത്തുവിവരങ്ങള്‍, ആദായ നികുതി രേഖകള്‍, സ്വയാര്‍ജിത സ്വത്തുക്കളുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് വ്യാഴാഴ്ച ഹാജരാക്കിയത്. നേരത്തേ രണ്ട് തവണയും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ കൊണ്ടുവന്നിരുന്നില്ല. തുടര്‍ന്ന് മൂന്നാമത്തെ നോട്ടീസില്‍ ഇഡി അന്ത്യശാസനം നല്‍കുകയായിരുന്നു. തൃശൂര്‍ സഹകരണ ബാങ്കിലെ ഇടപാട് വിവരങ്ങള്‍ പൂര്‍ണമായും സമര്‍പ്പിച്ചിട്ടില്ലെന്നാണ് ഇഡി വിലയിരുത്തല്‍.
അതേസമയം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു അമ്പലപുരം, പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ടി.ആര്. രാജന്, പി. സതീഷ് കുമാറിന്റെ സഹോദരന് പി. ശ്രീജിത്ത് എന്നിവരെ ഇഡി വ്യാഴാഴ്ചയും ചോദ്യം ചെയ്തു.
അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും
അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.ആര്. അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി അപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.