ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുള്ള ബിജെപി പോസ്റ്ററിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി. വാഗ്ദാനങ്ങൾ പോലെയുള്ള സത്യപ്രതിജ്ഞകൾ നിങ്ങൾ മറന്നോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയോടുമായി പ്രിയങ്ക ചോദിച്ചു.
“ഏറ്റവും ആദരണീയരായ നരേന്ദ്ര മോദി, ജെ.പി. നദ്ദ, രാഷ്ട്രീയത്തെയും സംവാദത്തെയും ഏത് തരം അധഃപതനത്തിലേക്കാണ് നിങ്ങൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് പോസ്റ്റ് ചെയ്യുന്ന അക്രമപരവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? വാഗ്ദാനങ്ങൾ പോലെയുള്ള സത്യപ്രതിജ്ഞകൾ നിങ്ങൾ മറന്നോ?’- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റർ ബിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പുറത്തിറക്കിയത്. “ഇന്ത്യ അപകടത്തിലാണ്, അവൻ ദുഷ്ടനാണ്, ധർമ വിരുദ്ധനാണ്, രാമ വിരുദ്ധനാണ്. ഭാരതത്തെ നശിപ്പിക്കുകയാണ് അവന്റെ ലക്ഷ്യം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്റ് വിവാദമായതോടെ കോൺഗ്രസ് വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.