തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക ജാഥയും മേഖലാ ജാഥകളും നടത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ ഏഴു മേഖലാ ജാഥകൾ നടത്തുമെന്നു നേതൃയോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി.
എംപിമാർ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാവും മേഖലാ ജാഥകൾക്ക് നേതൃത്വം നല്‍കുക. തുടർന്നു ജനുവരി പകുതിയോടെ കാസർഗോഡ് നിന്നും ആരംഭിച്ച ഫെബ്രുവരി പകുതിയോടെ തിരുവനന്തപുരത്ത് അവസാനിക്കുന്ന രീതിയിൽ കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജാഥയും ഉണ്ടാവും.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി താൻ നടത്തുന്ന ജാഥ 140 നിയോജകമണ്ഡലങ്ങളിലൂടെയും കടന്നു പോകുമെന്നും ഒരു നിയോജകമണ്ഡലത്തിൽ ഒരു പൊതുസമ്മേളനം എന്ന നിലയിലാവും ജാഥയുടെ ക്രമീകരണമെന്നും കെ.സുധാകരൻ വ്യക്തമാക്കി.