അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ത്തു. ഏകദിന ലോകകപ്പിനു സമ്മോഹന തുടക്കം നല്കി ന്യൂസിലന്‍ഡ് താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്. ആദ്യ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്റെ അത്യുജ്ജ്വല വിജയം. ഒപ്പം കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ നിരാശയ്ക്ക് അവര്‍ പകരം ചോദിച്ചു. അതും രാജകീയമായി. കിവി ബ്രില്ല്യന്‍സ് എന്നു ഉദ്ഘാടന പോരിനെ വിശേഷിപ്പിക്കാം. ലോകപ്പിനു ഇതിലും തകര്‍പ്പന്‍ തുടക്കമില്ല.
ഇംഗ്ലണ്ട് മുന്നില്‍ വച്ച 283 റണ്‍സ് ലക്ഷ്യം വെറും 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവികള്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി മിന്നല്‍ ബാറ്റിങുമായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും വണ്‍ഡൗണ്‍ ബാറ്റര്‍ രചിന് രവീന്ദ്രയും കളം നിറഞ്ഞു. ഇരുവരും ഉദ്ഘാടന പോരില്‍ തന്നെ സെഞ്ച്വറി നേടി അഹമ്മദാബാദില്‍ നിറഞ്ഞാടി. ആധികാരിക പ്രകടനം ഇരുവരും പുറത്തെടുത്തു.