ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ തെളിവുകള്‍ എവിടെയെന്ന് സുപ്രീംകോടതി. സിസോദിയക്കെതിരെ തെളിവുകളുടെ കണ്ണി പൂര്‍ണമല്ല. കേസിലെ പ്രതിയായ വ്യവസായി ദിനേഷ് അറോറയുടെ വെളിപ്പെടുത്തല്‍ അല്ലാതെ, സിസോദിയക്കെതിരെ എന്തു തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. മനീഷ് സിസോദിയക്ക് പണം ലഭിച്ചുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ ആരോപണ വിധേയമായ ഏജന്‍സിയില്‍ നിന്നും സിസോദിയക്ക് എങ്ങനെ പണം ലഭിച്ചുവെന്ന് കോടതി ചോദിച്ചു.
100 കോടി, 30 കോടി എന്നിങ്ങനെ രണ്ട് കണക്കുകളാണ് പറയുന്നത്. എന്നാല്‍ ആരാണ് ഇത് നല്‍കിയത്? പണം നല്കുന്ന നിരവധി ആളുകള്‍ ഉണ്ടാകാം. ഇതെല്ലാം മദ്യവുമായി ബന്ധിപ്പിച്ചിരിക്കണമെന്നില്ല. അതിനു തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.
ദിനേഷ് അറോറയുടെ മൊഴി ഒഴികെ മറ്റെന്തെങ്കിലും തെളിവുണ്ടോയെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. തെളിവുകളുടെ ശൃംഖല പൂര്‍ണമായി സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മദ്യലോബിയില്‍ നിന്നും ആളുകളിലേക്ക് പണമൊഴുകുന്നുണ്ട്. എന്നാല്‍ അതെല്ലാം രഹസ്യ ഇടപാടുകളാണ്. അതിന്രെ തെളിവു കൊണ്ടുവരുന്നതിലാണ് നിങ്ങളുടെ കഴിവെന്ന് ഇഡിയോടും സിബിഐയോടും സുപ്രീംകോടതി പറഞ്ഞു.